യുഎഇയിൽ വിവിധയിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും

യുഎഇയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. റാസൽഖൈമ, അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലെല്ലാം വിവിധയിടങ്ങളിൽ ശക്തമായ മഴ പെയ്തു. റാസൽഖൈമയിലെ ജബൽ ജൈസിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കാർ ഒലിച്ചുപോയതായി റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചു.

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജബൽ ജൈസിൽ പെട്ടന്നുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം 300ഓളം വാഹനങ്ങളാണ് കുടുങ്ങിയത്. ഇതിനിടയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു വാഹനം ഒലിച്ചുപോവുകയായിരുന്നു. വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. മണിക്കൂറുകളോളം ജബൽ ജൈസിന് മുകളിൽ കുടുങ്ങിയെന്ന് സന്ദർശകരിൽ ചിലർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുടുതൽ സ്ഥലങ്ങളിൽ ശക്തമായി വെള്ളം കുത്തിയൊലിച്ച് പോകാൻ തുടങ്ങിയതോടെ ആളുകളെയും വാഹനങ്ങളെയും മാറ്റി. ഏറെ നേരം കഴിഞ്ഞ് റാസൽഖൈമ പൊലീസ് റോഡിലെ ഒരു ലേൻ ഗതാഗത യോഗ്യമാക്കിയ ശേഷമാണ് വാഹനങ്ങൾക്ക് തിരികെ പോകാൻ കഴിഞ്ഞത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വൈകുന്നേരം 3.30 വരെ ഇതുവഴിയുള്ള ഗതാഗതം പൊലീസ് തടയുകയും ചെയ്തു. ഞായറാഴ്ച പകൽ 11.30 വരെ രാജ്യത്ത് പലയിടങ്ങളിലും മഴയ്ക്കും പെട്ടെന്നുണ്ടാവുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) അറിയിച്ചു.

Read Also : യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രക്ക് ഹസ്സ അൽ മൻസൂറിയെ തെരഞ്ഞെടുത്തു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായതിന്റെ ചിത്രങ്ങളും വീഡിയോകളും കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. റാസൽ ഖൈമയിൽ ജബൽ ജൈസിന് പുറമെ വാദി ശഹ, സഖർ പോർട്ട്, യനാസ് എന്നിവിടങ്ങളിലും മഴ പെയ്തു. അബുദാബിയിൽ അൽ അദാല, അൽ ശവാമീഖ്, അൽ ദഫ്‌റ, മദീനത്ത് സായിദ്, അൽ വത്ബ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. അൽ ഐനിലെ അൽ ഫഖയിലും ദുബായിലെ ഹത്ത, മർഗാം എന്നിവിടങ്ങളിലും മഴപെയ്തു. ഷാർജയിലെ അൽ ദായിദ്, അൽ മനാമ എന്നിവിടങ്ങളിലായിരുന്നു മഴ ലഭിച്ചത്. ഫുജൈറയിലെ മസാഫി, അൽ തവൈൻ, ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല എന്നിവിടങ്ങളിലും മഴ പെയ്തു.

തകർന്ന റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ തുടങ്ങിയതായി റാസൽഖൈമ പബ്ലിക് വർക്‌സ് വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top