തൊഴിലില്ലായ്മക്കെതിരെ ആഞ്ഞടിച്ച് കൂലിത്തൊഴിലാളിയുടെ കിടിലൻ ഇംഗ്ലീഷ്; ഇംഗ്ലീഷ് പറയുമോ എന്ന് റിപ്പോർട്ടർ; ‘വൈ നോട്ട്?’ എന്ന് തൊഴിലാളി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം അറിയാൻ ഇറങ്ങിയതാണ് ലല്ലൻടോപ്പ് എന്ന ഓൺലൈൻ വാർത്താ മാധ്യമത്തിൻ്റെ റിപ്പോർട്ടർ. ഉത്തർപ്രദേശിലെ നോയിഡയിൽ കൂട്ടം കൂടി നിൽക്കുന്ന ആളുകളോട് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രതീക്ഷകളെപ്പറ്റി ചോദിച്ചു. പല അഭിപ്രായങ്ങളും വരുന്നതിനിടെ 50നു മുകളിൽ വയസ്സ് തോന്നുന്ന ഒരു കൂലിത്തൊഴിലാളിയുടെ മുന്നിലേക്കും അദ്ദേഹം മൈക്ക് നീട്ടി. ഹിന്ദിയിൽ സംസാരം ആരംഭിച്ച അദ്ദേഹം ഉടൻ തന്നെ ഇംഗ്ലീഷിലേക്ക് മാറി.
“ഐ വാണ്ട് ടു വർക്ക്”
അത്ഭുതപ്പെട്ട റിപ്പോർട്ടറുടെ ചോദ്യം: “ഇംഗ്ലീഷ്?”
കൂലിത്തൊഴിലാളിക്കുണ്ടായിരുന്നത് ഒരു മറുചോദ്യമായിരുന്നു: “യെസ്. വൈ നോട്ട്?”
“ഐ വാണ്ട് ടു വർക്ക്. ഐ ആം സെയിംഗ് മോദി ടു അലോ ദ വർക്ക്. ഡോണ്ട് ഗെറ്റ് ഡെയിലി വർക്ക്.”- അദ്ദേഹം തുടർന്നു. പിന്നീട് സംസാരം വീണ്ടും ഹിന്ദിയിലാക്കി. മോദി സർക്കാരിൻ്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ സംസാരം. തൊഴിലില്ലായ്മയുടെ ഭീകരത ചൂണ്ടിക്കാട്ടിയ അദ്ദേഹം ആവശ്യത്തിനു തൊഴിൽ ഉറപ്പാകാൻ സർക്കാർ സന്നദ്ധരാകണമെന്നും അറിയിച്ചു.

ഹിന്ദിയും ഇംഗ്ലീഷും മാറിമാറി സംസാരിക്കുന്നതിനിടെ അദ്ദേഹം ഏതു വരെ പഠിച്ചു എന്നായി റിപ്പോർട്ടറുടെ ചോദ്യം. ബിരുദധാരിയാണ് താൻ എന്ന മറുപടി കേട്ട് വീണ്ടും റിപ്പോർട്ടർക്ക് അത്ഭുതം. ഡിഗ്രി കഴിഞ്ഞിറങ്ങിയ സമയത്തെ ഇന്ദിരാഗാന്ധി സർക്കാരിനെക്കുറിച്ചും ഇപ്പോഴത്തെ മോദി സർക്കാരിനെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ഉത്തർപ്രദേശിലെ നോയിഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താമാധ്യമമാണ് ലല്ലൻടോപ്പ്. ഹിന്ദി ഭാഷയിലുള്ള ഈ മാധ്യമം സൗരഭ് ദ്വിവേദി എന്ന മാധ്യമപ്രവർത്തകൻ്റെ ഉടമസ്ഥതയിലുള്ളതാണ്. പൊളിറ്റിക്കൽ കിസ്സെ എന്ന വെബ് സീരീസിലൂടെ പ്രശസ്തനായ വ്യക്തിയാണ് സൗരഭ് ദ്വിവേദി.

Top