ശബരിമല വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയെന്ന് മോദി

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തേനിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ശബരിമല വിഷയം വീണ്ടും ഉന്നയിച്ചത്. കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലീംലീഗും ചേർന്ന് കേരളത്തിൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്. എന്നാൽ ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also; ‘കേരളം ദേശവിരുദ്ധ ശക്തികളുടെ പരീക്ഷണ ശാല; ബിജെപി വിശ്വാസ സംരക്ഷണത്തിനൊപ്പം’ : പ്രധാനമന്ത്രി
കഴിഞ്ഞ ദിവസം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി ശബരിമല എന്ന വാക്കുപയോഗിക്കാതെയാണ് പ്രസംഗിച്ചത്. ശബരിമലയെന്ന് പറഞ്ഞില്ലെങ്കിലും ശബരിമലയെ ബന്ധപ്പെടുത്തിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങളിലേറെയും. ശബരിമലയുടെ പേരിൽ പ്രചാരണത്തിന് വിലക്കുള്ള കേരളത്തിൽ ഇതു പാലിച്ച പ്രധാനമന്ത്രി തൊട്ടടുത്ത ദിവസം തമിഴ്‌നാട്ടിൽ ശബരിമലയെന്ന് വ്യക്തമായി പറഞ്ഞ് ആഞ്ഞടിച്ചതും ശ്രദ്ധേയമായി. ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപിയും ശബരിമല കർമ്മസമിതിയും തീരുമാനമെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here