ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ എഐസിസി അവലോകന യോഗം ഇന്ന്

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് അവലോകന യോഗം ചേരും. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തിലാണ് യോഗം. മണ്ഡലത്തിലെ പ്രചാരണം വിലയിരുത്താന്‍ എഐസിസി ഇന്നലെ നിരീക്ഷകനെ നിയമിച്ചിരുന്നു.
തിരുവനന്തപുരത്ത് പ്രചാരണം സജീവമാക്കാന്‍ പാര്‍ട്ടി ഘടകം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന ശശി തരൂരിന്റെ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍. എന്തുവിലകൊടുത്തും തിരുവനന്തപുരത്ത് ശശി തരൂരിനെ വിജയിപ്പിച്ചേ മതിയാകൂവെന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ആയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന താക്കീത് കെപിസിസിയും നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ അവലോകനയോഗം.
മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഡിസിസി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. ശശി തരൂരിന്റെ പരാതി സംബന്ധിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ നാനാ പട്ടോളിനെ ശശിതരൂരിന്റെ പ്രചാരണം വിലയിരുത്താന്‍ പ്രത്യേക നിരീക്ഷകനായി എഐസിസി കഴിഞ്ഞദിവസം നിയമിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഈ നടപടികളില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. പരാതികളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് പ്രചാരണ രംഗത്ത് സജീവമാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here