ചാലക്കുടിയില്‍ പോരാട്ടം മുറുകുമ്പോള്‍

അറിഞ്ഞു ചെയ്യാം വോട്ട്-11
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

കാലങ്ങള്‍ക്കു മുമ്പുതൊട്ടേ രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടായിരുന്നു ചാലക്കുടി. 1929 -ല്‍ മഹാത്മാഗാന്ധി ചാലക്കുടി സന്ദര്‍ശിച്ച് ഹരിജനോദ്ധാരണ പ്രബോധനം പോലും നടത്തിയിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. രാഷ്ടട്രീയത്തിന് അത്രമേല്‍ പ്രാധാന്യമുണ്ട് ചാലക്കുടിയില്‍. എന്തായാലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി കച്ച മുറുക്കി തയാറെടുത്തിരിക്കുകയാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും. ശക്തമായ പോരാട്ടത്തിനു തന്നെയാണ് ഇത്തവണ ചാലക്കുടി ലോക്‌സഭാ മണ്ഡലം വേദിയാകുന്നത്.

2008 -ല്‍ നടന്ന മണ്ഡല പുനക്രമീകരണത്തിലൂടെയാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ പിറവി. തൃശൂര്‍ ജില്ലയിലെയും എറണാകുളം ജില്ലയിലെയും വിവിധ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. 2009 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പാണ് ഈ മണ്ഡലത്തില്‍ നടന്ന ആദ്യ പാര്‍ലമെന്റ് ഇലക്ഷന്‍.

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുന്നതിനും മുമ്പ് മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം വിലയിരുത്തുന്നതാണ് ഉചിതം. കാരണം, മണ്ഡല പുനക്രമീകരണത്തിനു മുമ്പ് ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. മുകുന്ദപുരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം; കൂടുതല്‍ തവണയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിലൂടെ വലത്തുപക്ഷം തന്നെയാണ് ഈ മണ്ഡലത്തില്‍ അധികാരത്തിലെത്തിയിട്ടുള്ളത്.

1957 -മുതല്‍ തുടങ്ങുന്നു മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. അന്നുതൊട്ട് 2004 വരെയുള്ള പാര്‍ലമെന്റ് ഇലക്ഷനുകളാണ് ഈ മണ്ഡലത്തില്‍ നടന്നിട്ടുള്ളത്. ഈ പതിമൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും ഒരു തവണ കേരള കോണ്‍ഗ്രസും വിജയം നേടി. 1962 -ല്‍ പനമ്പിള്ളി ഗോവിന്ദ മേനോനിലൂടെയായിരുന്നു ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വിജയം. 67 ലും ഇതേ വിജയം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. 71 ലും 77 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ എ സി ജോര്‍ജിലൂടെയായിരുന്നു വലത്തുപക്ഷത്തിന്റെ വിജയം. എന്നാല്‍ 1980 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് വിജയിക്കാനായില്ല. 84 -ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ കേരള കോണ്‍ഗ്രസിന്റെ കെ മോഹന്‍ദാസ് വിജയം നേടി.

1989 ലും 1991 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ സാവിത്രി ലക്ഷ്മണനിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിലയുറപ്പിച്ചു. 96 -ല്‍ പി സി ചാക്കോയിലൂടെ വീണ്ടും യുഡിഎഫ് തന്നെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ അധികാരത്തിലെത്തി. 1998 -ല്‍ എ സി ജോസിലൂടെയായിരുന്നു യുഡിഎഫിന്റെ നേട്ടം. 99 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ കരുണാകരനിലൂടെ വലത്തുപക്ഷം തന്നെ വിജയം നേടി. എന്നാല്‍ മുകുന്ദപുരം മണ്ഡലത്തില്‍ 2004 -ല്‍ അവസാനമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെതിരെ മണ്ഡലത്തിലെ ജനങ്ങള്‍ വിധി എഴുതി.ഇനി മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ഇടത്തുപക്ഷ ചരിത്രം. മുകുന്ദപുരം മണ്ഡലത്തില്‍ നടന്നിട്ടുള്ള പതിമൂന്ന് തെരഞ്ഞെടുപ്പുകളില്‍ മൂന്നു തവണ മാത്രമാണ് ജനങ്ങള്‍ ഇടത്തുപക്ഷത്തോട് കൂറ് പുലര്‍ത്തിയത്. 1957 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയുടെ നാരായണന്‍കുട്ടി മേനോനിലൂടെയായിരുന്നു മണ്ഡലത്തിലെ ഇടത്തുപക്ഷത്തിന്റെ ആദ്യ വിജയം. 1980 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ ബലാനന്ദനിലൂടെയും ഇടത്തുപക്ഷം വിജയം നേടി. 2004 -ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ ലോനപ്പന്‍ നമ്പാടനിലൂടെ എല്‍ഡിഎഫ് നേട്ടം കൊയ്തു.

2009 ലും 2014 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമാണ് ചാലക്കുടി മണ്ഡലത്തിനുള്ളത്. 2009 -ല്‍ നടന്ന ഇലക്ഷനില്‍ കെ പി ധനപാലനിലൂടെ യുഡിഎഫാണ് വിജയം നേടിയത്. എന്നാല്‍ 2014 -ല്‍ സിനിമാ താരം ഇന്നസെന്റിലൂടെ ഇടത്തുപക്ഷം അട്ടിമറി വിജയം നേടി. ആ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് 3,58,440 വോട്ടുകള്‍ നേടി. അതായത് മണ്ഡലത്തിലെ ആകെ വോട്ടിന്റെ 40.55 ശതമാനം. യുഡിഎഫിന്റെ പി സി ചാക്കോ 2014 ലെ തെരഞ്ഞെടുപ്പില്‍ 3,44,556 വോട്ടുകളാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ 82,848 വോട്ടുകളും നേടി. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത്തുപക്ഷത്തിന്റെ വിജയം.

Read more:തൃശൂരില്‍ ഇനി തെരഞ്ഞെടുപ്പ് പൂരം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളും വലത്തുപക്ഷത്തോടാണ് കൂറ് പുലര്‍ത്തിയിരിക്കുന്നത്. ആലുവ, കുന്നത്തുനാട്, അങ്കമാലി, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫാണ് അധികാരത്തില്‍. അതേസമയം കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇടത്തുപക്ഷത്തിനൊപ്പമാണ്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയായ ഇന്നസെന്റ് തന്നെയാണ് ഇത്തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് കണ്‍വീനറായ ബെന്നി ബഹനാന്‍ വലത്തുപക്ഷ സ്ഥാനാര്‍ത്ഥിയായും രംഗത്തിറങ്ങുന്നു. ബിജെപി ജനറല്‍ സെക്രട്ടറിയായ എ എന്‍ രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുന്നണികളെല്ലാം ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് അരങ്ങത്തിറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചാലക്കുടിയില്‍ ഇത്തവണ പോരാട്ടം മുറുകുമെന്നുറപ്പ്.

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞു ചെയ്യാം വോട്ട്’നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More