തൃശൂരില്‍ ഇനി തെരഞ്ഞെടുപ്പ് പൂരം

അറിഞ്ഞുചെയ്യാം വോട്ട്- 10

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

പൂര നഗരിയായ തൃശൂര്‍ ഇനി വേദിയാകുന്നത് 2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനാണ്. ആളും ആരവങ്ങളുമൊക്കെയായി തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു നഗരി. കേരളത്തിന്റെ സാസംസ്‌കാരിക തലസ്ഥാനമായ അറിയപ്പെടുന്ന ജില്ലകൂടിയാണ് തൃശൂര്‍. ഒരുകാലത്ത് കാര്‍ഷിക മേഖയിലായിരുന്നു തൃശൂര്‍ ജില്ലയിലെ ഭൂരിഭാഗം പേരും ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാല്‍ പിന്നീട് വ്യവസായ മേഖലകളും തൃശൂരില്‍ സജീവമായി. ആഘോഷങ്ങള്‍ക്ക് പേരുകേട്ട തൃശൂരില്‍ ഇനി തെരഞ്ഞെടെപ്പ് ആഘോഷം.

തൃശൂര്‍ ജില്ലയിലെ വിവിധ നിയമ സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട. മണലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ആഘോഷങ്ങള്‍ക്കൊപ്പം തന്നെ വ്യക്തമായ തെരഞ്ഞെടുപ്പ് ചരിത്രവുമുണ്ട് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്.

1957- ല്‍ തുടങ്ങുന്നു മണ്ഡലത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം. അന്നുതൊട്ടിന്നോളമുള്ള വിവിധ തെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാല്‍ കൂടുതല്‍ തവണയും ഇടത്തുപക്ഷത്തിന് അനുകൂലമായിട്ടാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം വിധി എഴുതിയിട്ടുള്ളുത് എന്ന് വ്യക്തം. 57 -ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐയുടെ കൃഷ്ണനിലൂടെ ഇടത്തുപക്ഷം ആദ്യ വിജയം മണ്ഡലത്തില്‍ നേടി. തുടര്‍ന്ന് 1962- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃഷ്ണ വാരിയറിലൂടെയും എല്‍ഡിഎഫിന് തന്നെയായിരുന്നു വിജയം. 1967 -ലും 71- ലും നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ സി ജനാര്‍ദ്ദനിലൂടെയും ഇടത്തുപക്ഷം തന്നെയാണ് വിജയം നേടിയത്. 1977- ലും 80- ലും നടന്ന മത്സരത്തില്‍ കെ എ രാജനിലൂടെ വീണ്ടും ഇടത്തുപക്ഷത്തിനു തന്നെ നേട്ടം.

എന്നാല്‍ 1984 -മുതല്‍ 91 വരെ നടന്ന വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് എതിരായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം വിധി എഴുതി. എന്നാല്‍ 96 ല്‍ വി വി രാഘവനിലൂടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ഇടത്തുപക്ഷം അധികാരത്തിലെത്തി. 98 -ല്‍ നടന്ന ഇലക്ഷനിലും വി വി രാഘവനിലൂടെ ഇതേ വിജയം ആവര്‍ത്തിച്ചു. പിന്നീട് 99 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെങ്കിലും 2004 -ല്‍ സികെ ചന്ദ്രപ്പനിലൂടെ വീണ്ടും അധികാരത്തിലെത്തി. 2009 -ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍ഡിഎഫിനോട് കൂറ് പുലര്‍ത്തിയില്ല. 2014 -ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ സിപിഐയുടെ സിഎന്‍ ജയദേവനിലൂടെ വീണ്ടും ഇടത്തുപക്ഷം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിലയുറപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഇത്തവണയും ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയിലാണ് രാജാജി മാത്യു തോമസിനെ എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ചരിത്ര വിജയങ്ങള്‍ വലത്തുപക്ഷവും സ്വന്തമാക്കിയിട്ടുണ്ട്. 1984 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പിഎ ആന്റണിയിലൂടെ വലത്തുപക്ഷത്തിനു വിജയം. 1989- ലും പി എ ആന്റണിയിലൂടെ യുഡിഎഫ് ഇതേ വിജയം ആവര്‍ത്തിച്ചു. 1991 -ല്‍ നടന്ന ഇലക്ഷനില്‍ പി സി ചാക്കോയിലൂടെയും യുഡിഎഫ് വിജയം നേടി. 99 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ സി ജോസിലൂടെയായിരുന്നു യുഡിഎഫിന്റെ വിജയം. 2009- ല്‍ പി സി ചാക്കോയിലൂടെ വീണ്ടും വലത്തുപക്ഷംതന്നെ അധികാരത്തിലെത്തി. ടി എന്‍ പ്രതാപനാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.ബിജെപിക്ക് ഇതുവരെയും അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും ഇത്തവണ എന്‍ഡിഎ വിജയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടിയാണ് തൃശൂര്‍. സുരേഷ് ഗോപിയാണ് ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ചലച്ചിത്ര നടന്‍ കൂടിയായ സുരേഷ് ഗോപിയ്ക്ക് ജനങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ സ്വീകാര്യനാകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നു.

Read more:ലോക്‌സഭാ തെരഞ്ഞെടുപ്പ് ആലത്തൂരിലേക്കെത്തുമ്പോള്‍

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തി നോക്കാം. സിപിഐയുടെ സി എന്‍ ജയദേവന്‍ 3,89,209 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. അതായാത് മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 42.28 ശതമാനം. 3,50,982 വോട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെപി ധനപാലനിലൂടെ യുഡിഎഫും നേടി. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി കെ പി ശ്രീസണ്‍ 1,20,681 വോട്ടുകളാണ് കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ നേടിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തുകയാണെങ്കില്‍ നിലവിലെ സ്ഥിതി പൂര്‍ണ്ണമായും ഇടത്തുപക്ഷത്തിന് അനുകൂലമാണെന്ന് പറയേണ്ടി വരും. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടത്തുപക്ഷമാണ് വിജയം നേടിയിരിക്കുന്നത്. 6,21748 പുരുഷ വോട്ടര്‍മാരും 6,71984 സ്ത്രീ വോട്ടര്‍മാരും 12 തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 12,93,744 വോട്ടര്‍മാരാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. എന്തായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃശൂര്‍ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് സജീവമാണ് മൂന്ന് മുന്നണികളും.

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട്’നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More