ലോക്‌സഭാ തെരഞ്ഞെടുപ്പ് ആലത്തൂരിലേക്കെത്തുമ്പോള്‍

അറിഞ്ഞുചെയ്യാം വോട്ട്-9 

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

നദിയും മലഞ്ചെരിവുകളും പാട വരമ്പുകളുമെല്ലാം നിറഞ്ഞ്, ഗ്രാമീണത തങ്ങി നില്‍ക്കുന്ന ഒരിടം. പ്രകൃതിയോട് വളരെയധികം ഇണങ്ങി നില്‍ക്കുന്ന ദേശമാണ് ആലത്തൂര്‍. കൃഷിയെ ഉപജീവന മാര്‍ഗമാക്കിയ ജനങ്ങളാണ് ആലത്തൂരില്‍ അധികവും. എന്തായാലും വരാനിരിക്കുന്ന ലോക്സഭാ  തെരഞ്ഞെടുപ്പിനെ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം.

പാലക്കാട് ജില്ലയിലെയും തൃശൂര്‍ ജില്ലയിലെയും വിവിധ നിയമസഭാ മണ്ഡലങ്ങള്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. 2008 ലാണ് ആലത്തൂര്‍ എന്ന പേരില്‍ മണ്ഡല പുനര്‍നിര്‍മ്മാണം നടന്നത്. അതിനു മുമ്പ് ഒറ്റപ്പാലം എന്നായിരുന്നു മണ്ഡലം അറിയപ്പെട്ടിരുന്നത്. 2009- ലായിരുന്നു ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമ സഭാ മണ്ഡലങ്ങളും ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു.

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുന്നതിനു മുമ്പേ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തെ വിലയിരുത്തുന്നതാണ് ഉചിതം. 1977 മുതല്‍ തുടങ്ങുന്നു ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. അന്നുതൊട്ട് 2004 വരെയുള്ള വിവിധ ലോകസഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തവണയും ഇടത്തുപക്ഷത്തിന് അനുകൂലമായിട്ടാണ് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം വിധി എഴുതിയിട്ടുള്ളത്. ഒറ്റപ്പാലം മണ്ഡലത്തിന്റെ ഇടത്തു പക്ഷ ചരിത്രം വിലയിരുത്താം. 1989 -ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ ആരംഭിക്കുന്നു ഒറ്റപ്പാലം പാര്‍ലമെന്റ് ഇലക്ഷനിലെ എല്‍ഡിഎഫിന്റെ വിജയ ചരിത്രം. 89 -ല്‍ എകെ ബാലനായിരുന്നു ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയും വിജയം നേടിയതും. എന്നാല്‍ തുടര്‍ന്നു വന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടത്തുപക്ഷത്തിന് എതിരെ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം വിധി എഴുതി. 1993- ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ് സിവരാമനിലൂടെ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ ഇടത്തുപക്ഷം വീണ്ടും നിലയുറപ്പിച്ചു. തുടര്‍ന്ന് 1996 മുതല്‍ 2004 വരെയുള്ള പാര്‍ലമെന്റ് ഇലക്ഷനില്‍ സിപിഎമ്മിന്റെ എസ് അജയ്കുമാറിലൂടെ ഇടത്തുപക്ഷം വിജയം നേടി.

ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ വലത്തു പക്ഷത്തിനും വ്യക്തമായ വിജയ ചരിത്രമുണ്ട് പറയാന്‍. 1977- ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെ കുഞ്ഞമ്പുവിലൂടെ യുഡിഎഫ് ആദ്യ വിജയം നേടി. പിന്നീട് 1984 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെആര്‍ നാരായണനിലൂടെ വീണ്ടും യുഡിഎഫിന് നേട്ടം. (മുന്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ മത്സരിച്ച് ലോക്‌സഭയിലെത്തിയ മണ്ഡലം എന്ന നിലയിലും ഒറ്റപ്പാലം മണ്ഡലം ശ്രദ്ധേയമായിരുന്നു). 1989 ലും 91 ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കെ ആര്‍ നാരായണനിലൂടെ തന്നെ വലത്തുപക്ഷം വിജയം നേടി. പിന്നീട് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ മത്സരങ്ങളെല്ലാം വിജയം കാണാത്ത പരീക്ഷണങ്ങള്‍ മാത്രമായിരുന്നു.

ഇനി 2008 മുല്‍ നിലവില്‍ വന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കാം. എടുത്തു പറയത്തക്ക തെരഞ്ഞെടുപ്പ് ചരിത്രമൊന്നുമില്ല ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്. 2009 ലും 2014 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇടത്തുപക്ഷത്തിനു തന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. പി കെ ബിജുവിലൂടെയാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയം നേടിയത്. 2009 -ല്‍ നടന്ന ഇലക്ഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ 201960 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ ബിജു പരാജയപ്പെടുത്തിയത്. എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന പി കെ ബിജുവിന് മണ്ഡലത്തിലുള്ള സ്വാധീനം ചെറുതല്ല. 2014- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പികെ ബിജു 4,11,808 വോട്ട് നേടി. അതായത് മണ്ഡലത്തിലുള്ള ആകെ വോട്ടിന്റെ 44.41 ശതമാനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ ഷീബ ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി കെ ബിജുവിന്റെ മുഖ്യ എതിരാളി. 3,74,496 വോട്ടാണ് കെ ഷീബ നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 87,803 വോട്ടുകളും നേടിയിരുന്നു.

Read more:തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാടും

പികെ ബിജുവിനെ തന്നെയാണ് ഇത്തവണ ഇടത്തുപക്ഷം പോരാട്ടത്തിനിറക്കുന്നത്. അതേസമയം രമ്യ ഹരിദാസിനെ യുഡിഎഫും മത്സരത്തിനിറക്കുന്നു. ജനകീയ ഇടപെടല്‍കൊണ്ടു ഇതിനോടകംതന്നെ ജനങ്ങള്‍ക്ക് സ്വീകാര്യയായിട്ടുണ്ട് രമ്യ ഹരിദാസ്. അതുകൊണ്ടുതന്നെ ആലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ ചരിത്ര വിജയം നേടാനാകുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. അതേസമയം വികസന നേട്ടങ്ങള്‍ മുഖ്യ വിഷയമാക്കിക്കൊണ്ട് വിജയപ്രതീക്ഷയോടെ ഇടത്തുപക്ഷവും പ്രചരണ രംഗത്ത് സജീവമാണ്. ബിഡിജെഎസിലെ ടി വി ബാബുവാണ് ഇത്തവണ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ഇടത്തു പക്ഷത്തിനോടാണ് കൂറ് പുലര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തം. നെന്മാറ, തരൂര്‍, ആലത്തൂര്‍, ചേലക്കര, കുന്നംകുളം എന്നീ മണ്ഡലങ്ങളില്‍ സിപിഎമ്മിനാണ് നേട്ടം. ചിറ്റൂര്‍ മണ്ഡലം ജെഡി(എസ്) ഉം നേടിയിരിക്കുന്നു. വടക്കാഞ്ചേരി മണ്ഡലം മാത്രമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡ്എഫിന് അനുകൂലമായി വിധി എഴുതിയിരിക്കുന്നത്. 603854 പുരുഷ വോട്ടര്‍മാരും 6,30,438 വനിതാ വോട്ടര്‍മാരും രണ്ട് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 12,34,294 വോട്ടര്‍മാരാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി അറിഞ്ഞുചെയ്യാം വോട്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top