ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ഇത്തവണ ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 57 ലക്ഷത്തിലേറെ ഉംറ വിസകളാണ് ഇതുവരെ അനുവദിച്ചത്.ഏറ്റവും പുതിയ കണക്കു പ്രകാരം ഇത്തവണത്തെ ഉംറ സീസൺ ആരംഭിച്ചതിനു ശേഷം ഇതുവരെ 57,30,842 ഉംറ വിസകൾ അനുവദിച്ചു.  52,73,075 തീർത്ഥാടകർ സൗദിയിലെത്തി ഇതിനകം കർമങ്ങൾ നിർവഹിച്ചു. 4,72,043 തീർത്ഥാടകരാണ് നിലവിൽ സൗദിയിൽ ഉള്ളത്. ഇതിൽ 3,30,560 പേർ മക്കയിലും ബാക്കിയുള്ളവർ മദീനയിലും കർമ്മങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നു.

Read Also; സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും സ്വന്തം നിലയിൽ ഉംറ തീർഥാടകരെ കൊണ്ടുവരാനുള്ള അവസരം വരുന്നു

47,06,764 പേർ വിമാന മാർഗവും 5,04,116 പേർ റോഡ് മാർഗവും, 62,195 പേർ കടൽമാർഗവും ഉംറ നിർവഹിക്കാനെത്തി. ഹജ്ജ് മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. 12,22,459 പേരാണ് പാക്കിസ്ഥാനിൽ നിന്നെത്തിയത്. ഇന്തോനേഷ്യയിൽ നിന്ന് 8,08,698 തീർത്ഥാടകരും, മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 5,13,031 തീർത്ഥാടകരും ഉംറ നിർവഹിക്കാനെത്തി. 1807 വനിതകൾ ഉൾപ്പെടെ 10481 സ്വദേശികൾ തീർത്ഥാടകരുടെ സേവനങ്ങൾക്കായി പുണ്യസ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ട്. രണ്ടാഴ്ച  കഴിഞ്ഞ് ആരംഭിക്കുന്ന റമദാനിൽ തീർത്ഥാടകരുടെ ഒഴുക്ക് വർധിക്കും എന്നാണ് പ്രതീക്ഷ. റമദാനിൽ തീർത്ഥാടകരെ സ്വീകരിക്കാൻ ഇരു ഹറം പള്ളികളിലും ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top