കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഓടയിലൊഴുക്കി; എൻജിനീയർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഓടയിലൊഴുക്കിയ എൻജിനീയർ അറസ്റ്റിൽ. മെക്കാനിക്കൽ എൻജിനീയറായ യുവാവാണ് സോഫ്റ്റ്വെയർ എൻജിനീയറായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി അഴുക്കുചാലിൽ എറിഞ്ഞത്. ഹൈദരാബാദിനടുത്ത മേഡ്ചലിലാണു സംഭവം. യുവതിയുടെ മൃതദേഹം ഞായറാഴ്ച പോലീസ് കണ്ടെടുത്തു.
ഹൈദരാബാദ് സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണു കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായ സുനിലാണു കൊലയാളി. യുവതിയെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാൽ കൊലപ്പെടുത്തി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
ഓടയിൽ ഒഴുകി നടക്കുന്ന സ്യൂട്ട്കേസ് ഞായറാഴ്ച ചില പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ പോലീസിനെ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് നാലിനാണ് യുവതിയെ കാണാതാകുന്നത്. മൂന്നു ദിവസങ്ങൾക്കു ശേഷം ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചു. ഒരു ജോലിയുമായി ബന്ധപ്പെട്ട് സുനിൽ മസ്കറ്റിലേക്കു പോകാനിരിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഒപ്പം പോകാൻ ആഗ്രഹിച്ചു. ഇതോടെ നാലിന് മകളെ വിമാനത്താളത്തിൽ എത്തിച്ചശേഷം മടങ്ങി എന്നാണു മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
എന്നാൽ സുനിൽ മസ്കറ്റിലേക്കു പോയില്ല. പകരം പെണ്‍കുട്ടിയെയും കൂട്ടി സമീപത്തെ ഒരു ലോഡ്ജിലേക്കു പോയി. ഒരു ദിവസം കഴിഞ്ഞ് സുനിൽ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം സ്യൂട്ട്കേസിലാക്കി മേഡ്ചലിനെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.
സുനിലും കൊല്ലപ്പെട്ട പെണ്‍കുട്ടിയും ഹൈദരാബാദിലാണു ജോലി ചെയ്തിരുന്നത്. ബിഹാർ സ്വദേശിയായ സുനിൽ, വർഷങ്ങൾക്കു മുൻപ് ഹൈദാരാബാദിൽ താമസമാക്കിയതാണ്. സുനിലിനെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here