ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്തി വോട്ടു നേടാന്‍; കേരളത്തില്‍ വിലപ്പോകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ ശ്രമം കേരളത്തില്‍ വിലപ്പോവില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശങ്ങളെ പുച്ഛിച്ചു തള്ളുന്നു. വിവാദ പരാമര്‍ശങ്ങള്‍ അവരുടെ കിട്ടുന്ന വോട്ട് കൂടി നഷ്ടപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രസ്താവനകള്‍ക്കെതിരേയും കുഞ്ഞാലിക്കുട്ടി വിമര്‍ശനം ഉന്നയിച്ചു.  മോദിയുടെയും യോഗിയുടെയും സര്‍ട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീം വിഭാഗത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ രംഗത്തെത്തിയിരുന്നു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെയായിരുന്നു ശ്രീധരന്‍പിള്ള മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബലാകോട്ട് ആക്രമണത്തിനു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായി വിജയനും ചോദിച്ചത് ശരിയായില്ലെന്നു പറഞ്ഞതിനു ശേഷമാണ് ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശത്തിലേക്കു കടന്നത്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങളുണ്ടെന്നും ഡ്രസ്സെല്ലാം മാറ്റി നോക്കണ്ടെ എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. സൈനിക മികവിനെ പ്രകീര്‍ത്തിച്ച ശേഷമാണ് ഇസ്ലാം മതവിശ്വാസികളെ പരിഹസിക്കുന്ന പരാമര്‍ശങ്ങളിലേക്ക് ശ്രീധരന്‍ പിള്ള കടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top