കെ എൻ ബാലഗോപാലിന്റെ ചിത്രം നൽകി ആശുപത്രികളിൽ പെതിച്ചോർ നൽകുന്നത് ചട്ടലംഘനമെന്ന് യുഡിഎഫ്

ആശുപത്രികളിൽ ഡിവൈഎഫ്‌ഐയുടെ പൊതിച്ചേർ വിതരണം തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പരാതി നൽകി. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിന്റെ ചിത്രം നൽകി പെതിച്ചോർ നൽകുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പരാതി. കൊല്ലത്തെ ആശുപത്രികളിലെ നിരവധി രോഗികൾക്കാണ് ഇത് തിരിച്ചടിയാകുന്നത്. ഇതിനെതിരെ നിരവധി രോഗികൾ രംഗത്തെത്തി. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രനെതിരെയാണ് രോഗികൾ രംഗത്തെത്തിയത്.

വർഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണെന്നും ഇത് നിർത്താൻ പാടില്ലെന്നും രോഗികൾ പറയുന്നു. ഏത് മഴയത്തും വെയിലത്തും ഇവിടെ ചോറെത്തിയിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത് വലിയ ആശ്വാസമാണ്. ദൈവത്തെ വിളിച്ചുകൊണ്ട് ഇരു കൈയും നീട്ടിയാണ് അവർ ഭക്ഷണം വാങ്ങി കഴിക്കുന്നത്. അത് ഇല്ലാതാക്കുന്ന പ്രേമചന്ദ്രൻ ഒരിക്കലും ഗുണംപിടിക്കില്ലെന്ന് ഒരു മധ്യവയസ്‌ക പ്രതികരിച്ചു. അല്ലെങ്കിൽ രോഗികൾക്ക് ഭക്ഷണം എത്തിച്ചു നൽകാൻ പ്രേമചന്ദ്രന് കഴിയണം. അത് അയാൾക്കു പറ്റുന്നില്ലല്ലോ? വോട്ടിന് വേണ്ടിയാണ് അയാൾ ഭക്ഷണ വിതരണം നിർത്തലാക്കുന്നതെങ്കിൽ അയാൾ തോക്കുകയേ ഉള്ളൂവെന്നും അവർ പറഞ്ഞു.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആശുപത്രികളിൽ പൊതിച്ചോർ വിതരണം ആരംഭിച്ചത്. ഹൃദയസ്പർശം എന്ന പേരിലാണ് പൊതിച്ചോർ വിതരണം. മുടക്കമില്ലാതെ 700 ദിവസങ്ങളിലായി 30 ലക്ഷം പൊതിച്ചോറുകളാണ് ഇതുവരെ വിതരണം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top