വിവാദ പ്രസംഗങ്ങളിൽ നടപടി; മനേകാ ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കും ഉത്തർപ്രദേശിലെ ബിഎസ്പി നേതാവ് അസംഖാനും പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. മനേകാ ഗാന്ധിക്ക് രണ്ട് ദിവസത്തേക്കും അസംഖാന് മൂന്ന് ദിവസത്തേക്കുമാണ് വിലക്ക്. നാളെ രാവിലെ 10 മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. സുൽത്താൻ പൂരിലെ സ്ഥാനാർത്ഥിയായ മനേകാ ഗാന്ധി പ്രചാരണത്തിനിടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ടു ചെയ്യാത്ത മുസ്ലീങ്ങൾ ജോലി അന്വേഷിച്ചു വന്നാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മനേക ഗാന്ധി പറഞ്ഞിരുന്നു.ഉത്തർപ്രദേശിലെ രാംപുരിൽ ബിജെപി സ്ഥാനാർത്ഥിയായ ജയപ്രദക്കെതിരെ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ എസ്പി സ്ഥാനാർത്ഥിയായ അസംഖാനെതിരെയുള്ള നടപടി. ജയപ്രദയ്ക്കെതിരെ അസം ഖാൻ നടത്തിയ ‘കാക്കി അടിവസ്ത്രം’ പരാമർശം ഏറെ വിവാദമായിരുന്നു.
Read Also; ജയപ്രദയ്ക്കെതിരായ ‘കാക്കി അടിവസ്ത്രം’ പരാമർശം; അസം ഖാനെതിരെ കേസെടുത്തു
മതത്തിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട് ദിവസത്തേക്കും ആണ് വിലക്കിയിരിക്കുന്നത്. മതവികാരം ഇളക്കിവിടുന്ന പരാമർശങ്ങൾ നടത്തുന്ന നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന് കമ്മീഷനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here