വോട്ട് കുറഞ്ഞാൽ വികസനം കുറയും; വീണ്ടും ഭീഷണിയുമായി മേനക ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദ പരാമർശവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. വോട്ടു കുറഞ്ഞാൽ വികസനം കുറയുമെന്നും വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസനം നടത്തുകയെന്നും മേനക ഗാന്ധി പറഞ്ഞു. സുൽത്താൻപുരിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം.
ബിജെപിക്കു 80 ശതമാനം വോട്ടു കിട്ടുന്ന ഗ്രാമങ്ങൾ എ കാറ്റഗറി, 60 ശതമാനം വോട്ടു കിട്ടുന്ന ഗ്രാമങ്ങൾ ബി കാറ്റഗറി, 50 ശതമാനം വോട്ടു ലഭിക്കുന്ന ഗ്രാമങ്ങൾ സി കാറ്റഗറി, 30 ശതമാനവും അതിനു താഴെയും വോട്ടു കിട്ടുന്ന ഗ്രാമങ്ങൾ ഡി കാറ്റഗറി എന്നിങ്ങനെ തരംതിരിച്ച് വികസനം നടത്തുമെന്ന് മേനക ഗാന്ധി ജനങ്ങളോടു പറഞ്ഞു. താൻ മുൻപ് മത്സരിച്ച പിലിഭിത്തിൽ ഈ സംവിധാനം മികച്ച രീതിയിൽ നടത്തിയിരുന്നെന്നും ഇവിടെ ഏതു കാറ്റഗറിയിൽ ഉൾപ്പെടണം എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും സുൽത്താൻപൂരിലെ ബിജെപി സ്ഥാനാർഥിയായ മേനക പറഞ്ഞു.
നേരത്തെ, തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിംകൾക്കു തൊഴിൽ നൽകാനാവില്ലെന്നു പറഞ്ഞും മേനക ഗാന്ധി ഭീഷണി മുഴക്കിയിരുന്നു. സുൽത്താൻപൂരിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം.
മകൻ വരുണ്‍ ഗാന്ധി മത്സരിച്ചിരുന്ന സുൽത്താൻപൂരിലാണ് ഇത്തവണ മേനക ഗാന്ധി മത്സരിക്കുന്നത്. മേനക മത്സരിച്ചിരുന്ന പിലിഭിത്തിൽ വരുണ്‍ ഗാന്ധി ബിജെപി സ്ഥാനാർഥിയായി മത്സരിക്കും.
#ManekaGandhi is at it again with ‘#ABCD‘ formula for #BJP votes#Jayaprada #AzamKhan #NyayYatra #Mayawati pic.twitter.com/Jvr25cwrdQ
— S. Imran Ali Hashmi (@syedimranhashmi) April 15, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here