ഈ വിരലുകൾ വ്യാജ വോട്ട് രേഖപ്പെടുത്താൻ തന്നെയോ ? [24 Fact Check]

അടുത്തിടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമെല്ലാം പ്രചരിച്ചുകണ്ട ചിത്രമാണ് മേൽ കൊടുത്തിരിക്കുന്ന വിരലുകളുടെ ചിത്രം. വ്യാജ വോട്ട് രേഖപ്പെടുത്താനായി സജ്ജമാക്കിയ വിരലുകൾ എന്ന തലകെട്ടോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.
യഥാർത്ഥ വിരലുകളെ വെല്ലുന്നതാണ് ഈ പ്രോസ്‌തെറ്റിക് വിരലുകൾ. ഒറ്റ നോട്ടത്തിൽ യഥാർത്ഥ വിരലുകൾ മുറിച്ചിട്ടതാണെന്നേ തോന്നൂ. എന്നാൽ ഈ വിരലുകൾ എന്തിനാണെന്നറിയുമോ ?
Read Also : ബിബിസി പുറത്തുവിട്ട പ്രീ-പോൾ സർവേയിൽ ബിജെപിക്ക് ജയം ? [24 Fact Check]
ജപ്പാനിലാണ് ഈ പ്രോസ്‌തെറ്റിക് വിരലുകളുടെ ഉത്ഭവം. യകൂസ അഥവാ ജപ്പാനിലെ മാഫിയ സംഘങ്ങളുടെ അടയാളമാണ് കുറുകിയ കുഞ്ഞു വിരൽ. അവരുടെ തെറ്റുകൾക്കുള്ള ശിക്ഷയായി സ്വന്തം കുഞ്ഞുവിരൽ തന്നെ അവർക്ക് മുറിക്കേണ്ടതായി വരും. യുബിറ്റ്‌സും എന്നാണ് ഈ ആചാരത്തിന്റെ പേര്. ആദ്യം കുഞ്ഞു വിരലാണ് മുറിക്കുക.
പിന്നീട് തെറ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മറ്റ് വിരലുകളും മുറിക്കേണ്ടി വരും. അതുകൊണ്ട് തന്നെ മാഫിയ സംഘത്തിൽ നിന്നെല്ലാം വിട്ടുപിരിഞ്ഞാലും കൈയ്യിലെ ഈ അടയാളം കാരണം മറ്റൊരു ജോലി കണ്ടെത്താനോ സാധാരണ ജീവിതം നയിക്കാനോ ഇത്തരക്കാർക്കാകില്ല. ഇവർക്ക് വേണ്ടിയാണ് ഈ പ്രോസ്‌തെറ്റിക് വിരലുകൾ നിർമ്മിക്കുന്നത്.
2017 ലും വ്യാജ വോട്ടിനായി പ്രോസ്‌തെറ്റിക് വിരലെത്തി എന്ന തരത്തിൽ ഇതേ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here