‘പി എം നരേന്ദ്രമോദി എന്ന ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണം’ : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പി എം നരേന്ദ്രമോദി എന്ന ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ അണിയറ പ്രവർത്തകർ നല്‍കിയ ഹർജിയിലാണ് കോടതി ഇടപെടല്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം പൂർണ്ണമായി കണ്ടതിന് ശേഷമെ പ്രദർശനാനുമതി നിഷേധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവുവെന്നാണ് സുപ്രീം കോടതി ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചത്. ചിത്രത്തില്‍ നരേന്ദ്ര മോദിയുടെ ജീവിതം വിവരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടാവുന്ന തരത്തിലുള്ള പരാമർശങ്ങളോ ദൃശ്യങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണം. ഏപ്രില്‍ 22 മുന്പ് ചിത്രം കണ്ട് ഇക്കാര്യത്തില്‍എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.

Read Also : ഇമ്രാന്‍ ഖാനുമായി നരേന്ദ്രമോദിക്ക് രഹസ്യധാരണ; വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

തെരഞ്ഞെടുപ്പിന്  മുമ്പ് ചിത്രം പ്രദർശിപ്പിക്കുന്നതില്‍ നിന്നും കമ്മീഷന്‍ അണിയറ പ്രവർത്തകരെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. നേരത്തെ പി എം നരേന്ദ്ര മോദിയെന്ന ചിത്രം പ്രദർശപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലായിരുന്നു സുപ്രീം കോടതി. ഈ മാസം പതിനൊന്നിനാണ് ചിത്രത്തിന്‍റെ റിലീസിംഗ് നിശ്ചിയിച്ചിരുന്നത്. കേസ് സുപ്രീം കോടതിയുടെ പരിഗണനിയിലായതിനാല്‍ ഏപ്രില്‍ 22ന് ശേഷം മാത്രമാകും റിലീസ് ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വരുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top