ആ കള്ളവും പൊളിയുന്നു; അഭിനന്ദൻ വർത്തമാൻ ബിജെപിക്കായി വോട്ട് ചോദിച്ചിട്ടില്ല [24 Fact Check]

തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾക്കായി വോട്ട് പിടിക്കാൻ പ്രമുഖരെ രംഗത്തിറക്കുകയാണ് നേതാക്കൾ. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ടത് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ചിത്രങ്ങളാണ്. കാവി ഷോൾ പുതച്ച് ബിജെപിയുടെ ചിഹ്നമായ താമരയും കുത്തി നിൽക്കുന്ന അഭിനന്ദന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്.

സത്യത്തിൽ അത് അഭിനന്ദൻ വർത്തമാന്റെ ചിത്രമല്ല. അഭിനന്ദന്റെ മുഖസാദൃശ്യമുള്ള മറ്റൊരു വ്യക്തിയുടെ ചിത്രമാണ്. അഭിനന്ദൻ വർത്തമാനെ പാക് സേന പിടിച്ചുകൊണ്ടുപോയത് ആഗോളതലത്തിൽ വരെ ചർച്ചയായിരുന്നു. അഭിനന്ദന്റെ മീശയും ഒരേപോലെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേരാണ് അഭിനന്ദനോടുള്ള ആരാധന മൂലം അത്തരത്തിൽ മീശവെച്ചത്. ഈ മീശവെച്ച ഇതേ രൂപസാദൃശ്യമുള്ള ആളാണ് ഈ ചിത്രത്തിൽ.

പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ : ‘ബിജെപിക്ക് തുറന്ന പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിനന്ദൻ ജി. മാത്രമല്ല മോദി ജി ക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ മോദിയിലും മികച്ച പ്രധാനമന്ത്രില്ലെന്നും പറഞ്ഞു. ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുക’. നിരവധി ബിജെപി ഗ്രൂപ്പുകളിലാണ് അഭിനന്ദൻ വർത്തമാൻ ബിജെപിക്കായി പ്രചരണത്തിനിറങ്ങിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ 1969 നിയമപ്രകാരം സേനാംഗങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും വോട്ടഭ്യർത്ഥിക്കാൻ പാടില്ല.

Read Also : അഭിനന്ദൻ വർത്തമാൻ ജോലിയിൽ തിരികെ പ്രവേശിച്ചു

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്താന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുന്‍പെ പാകിസ്താന്റെ എഫ്-16 വിമാനം അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More