റെയിൽവേ പ്ലാറ്റ്ഫോമിലും ശ്മശാനത്തിലും കിടന്നുറങ്ങിയ രഘു ഇന്ന് ഇന്ത്യൻ ടീമിന്റെ ത്രോ ബോൾ സ്പെഷ്യലിസ്റ്റ്: ഫേസ്ബുക്ക് കുറിപ്പ്

1976ലെ ഇന്ത്യൻ ടീമിന്റെ വെസ്റ്റ്‌ ഇൻഡീസ് പര്യടനത്തിലെ കിങ്സ്റ്റൻ ടെസ്റ്റ്‌. പൊതുവെ തീ തുപ്പുന്ന കരീബിയൻ പിച്ചുകളിൽ കാലിടറുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർ മറക്കാനാഗ്രഹിക്കുന്ന ഒരു ദിവസമായിരുന്നു അത്‌. മൈക്കിൾ ഹോൾഡിങ്ങിന്റെയും വെയിൻ ഡാനിയേലിന്റെയും സൂപ്പർഫാസ്‌റ് പന്തുകൾക്ക് മുന്നിൽ പിടിച്ചു നില്കാനാകാതെ ഗുണ്ടപ്പ വിശ്വനാഥും ഗെയ്ക്‌വാദും ബ്രിജേഷ് പട്ടേലുമടക്കമുള്ള അഞ്ചു പ്രഗത്ഭ ബാറ്സ്മാൻമാർ ശരീരത്തിൽ തുന്നിക്കെട്ടുകളുമായി കളം വിട്ട മത്സരത്തിൽ തോൽവി ഉറപ്പായിട്ടും അടുത്ത കളിക്കു ടീം നിലനിർത്താനായി ഇന്ത്യൻ നായകൻ ബിഷൻ സിംഗ് ബേദിക്ക് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യേണ്ടി വന്നു.

വർഷങ്ങൾക്കിപ്പുറം 2018ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. വേഗതയ്ക്കും അപ്രതീക്ഷിത ബൗൺസിനും പേരുകേട്ട വാണ്ടറേഴ്‌സ് മൈതാനത്തു മത്സരം പുരോഗമിക്കുകയാണ്. റബാഡയും മോർക്കലും ഫിലണ്ടറുമടങ്ങുന്ന ദക്ഷിണാഫ്രിക്കൻ പേസ് നിരയെ കോഹ്‌ലിയും സംഘവും മെരുക്കി നിർത്തി. ഒടുവിൽ ഇന്ത്യയുടെ പേസ് ആക്രമണം താങ്ങാനാകാതെ മത്സരം പകുതിയിൽ നിർത്തുവാൻ പോലും പറയേണ്ടി വന്നു ദക്ഷിണാഫ്രിക്കൻ നായകന് !!. 63 റണ്ണുകൾക്കാണ് ഇന്ത്യ മത്സരം ജയിച്ചത്.

ഈ രണ്ടു മത്സരങ്ങൾക്കുമിടയിലുള്ള കാലഘട്ടത്തിൽ പേസിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ പ്രകടനം ഒട്ടേറെ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. മാറി മാറി വന്ന ക്യാപ്റ്റൻമാർക്കും കോച്ചുമാർക്കും അതിൽ നിർണായക പങ്കുമുണ്ട്. അത്രയും തന്നെ പരാമർശം അർഹിക്കുന്നവരാണ് നമ്മുടെ താരങ്ങളുടെ കായികക്ഷമതകയും പ്രകടനവും സ്ഥിരമായി വിലയിരുത്തുന്ന സപ്പോർട് സ്റ്റാഫ്‌ എന്ന അണിയറ ശിൽപികൾ. അവരിലൊരാളാണ് “രാഘവേന്ദ്ര” എന്ന രഘു.

എന്താണ് രഘുവിന്റെ പ്രത്യേകത ?.

കർണാടക സംസ്ഥാനത്തെ കുംത എന്ന ഒരു തീരദേശഗ്രാമത്തിലാണ് രഘു ജനിച്ചത്. ചെറുപ്പത്തിൽ തന്നെ മികച്ച വേഗതയിൽ പന്തെറിഞ്ഞിരുന്ന രഘുവിന് നല്ല പരിശീലനം ലഭിക്കുന്നതിന് കുടുംബത്തിലെ മോശം സാമ്പത്തികാവസ്ഥ എന്നും വിലങ്ങുതടിയായി നിന്നിരുന്നു. എങ്കിലും മനസ്സിൽ നിറഞ്ഞു നിന്ന കളിയോടുള്ള സ്നേഹം മൂത്ത രഘു ഒരിക്കൽ മുംബൈയിലേക്ക്‌ യാത്ര തിരിച്ചു. വിഖ്യാത കോച്ച് രമാകാന്ത് അച്ചരേഖറിന്റെ കീഴിൽ പരിശീലനം നേടുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.

പക്ഷേ സാമ്പത്തികപരാധീനതകൾ മൂലം രഘുവിന് വേഗത്തിൽ തന്റെ മുംബൈ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തിയ രഘു വീണ്ടും ധാർവാദ്‌ സോണിൽ അരങ്ങേറിയ അണ്ടർ 19 സെലെക്ഷൻ ക്യാമ്പിനായി തിരിച്ചു. പക്ഷേ ക്യാമ്പ് അവസാനിച്ചപ്പോൾ നാട്ടിലേക്കു തിരികെ വരാനുള്ള പണം അവന്റെ കൈവശം ബാക്കിയുണ്ടായിരുന്നില്ല. നീണ്ട പതിനഞ്ചു ദിവസങ്ങൾ അവൻ ധാർവാദ്‌ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ കിടന്നുറങ്ങി. റെയിൽവേ പോലീസ് അവിടെ നിന്നും ആട്ടിയോടിച്ചതോടെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ താമസമാരംഭിച്ച രഘു അധികം വൈകാതെ അവിടെനിന്നും പുറത്താക്കപ്പെട്ടു.

ക്ഷേത്രത്തിൽ നിന്നും പുറത്താക്കപ്പെട്ട രഘുവിന് ഒടുവിൽ അഭയമായത് നഗരപരിധിക്കു പുറത്തുള്ള ഒരു ശ്മശാനമായിരുന്നു. മിടിക്കുന്ന ഹൃദയമുള്ളവരേക്കാൾ മൃതദേഹങ്ങൾ അവനോടു ദയവു കാട്ടി. നീണ്ട നാലു വർഷങ്ങൾ അവനാ ശ്മശാനത്തിൽ അന്തിയുറങ്ങി. ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയെ മുഖാമുഖം കണ്ട ദിവസങ്ങളായിരുന്നു അവ. നഗരത്തിൽ നടന്ന ഒരു ക്രിക്കറ്റ്‌ മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ രഘുവിന്റെ ജീവിതം മനസ്സിലാക്കിയ ഒരു സഹ കളിക്കാരൻ അവനു KLE സ്പോർട്സ് ഹോസ്റ്റലിൽ താമസസൗകര്യം ഏർപ്പാടാക്കികൊടുത്തു.

ഹോസ്റ്റലിൽ താമസിച്ചു പരിശീലനം തുടർന്ന അവനെ പക്ഷേ വിധി പിന്നെയും പരീക്ഷിച്ചു. ഒരു ദിവസം ഹോസ്റ്റൽ ചവിട്ടുപടിയിൽ തെന്നിവീണ അവന്റെ കൈകൾക്കു സാരമായ പരിക്കുപറ്റി. പിന്നീടൊരിക്കലും അവന്റെ സ്വതസിദ്ധമായ വേഗതയിലും ആക്ഷനിലും പന്തെറിയാൻ അവനു സാധിച്ചില്ല.

ജീവിക്കാൻ വേണ്ടി മറ്റു ജോലികൾ വശമില്ലാതിരുന്ന അവൻ ക്രിക്കറ്റ് അക്കാദമികളിൽ സഹപരിശീലകനായി ജോലി നോക്കാൻ തുടങ്ങി. പതിയെ ഒരു മികച്ച പരിശീലകനായി രൂപാന്തരപ്പെട്ട രഘുവിന്റെ ടീമുകൾ ജില്ലാതലത്തിലും മറ്റും ശ്രദ്ധിക്കപ്പെട്ടതോടെ അവന്റെ സേവനം ഉപയോഗപ്പെടുത്താൻ കർണാടക രഞ്ജി ടീം തീരുമാനിച്ചു. അപ്പോഴും സാമ്പത്തിക സ്ഥിതിയിൽ വലിയ വ്യത്യാസമില്ലാതിരുന്ന അവൻ ടീമിലെ കളിക്കാർ ബാക്കിവച്ചിരുന്ന വാഴപ്പഴങ്ങൾ കഴിച്ചാണ് വിശപ്പടക്കിയിരുന്നത്.

കർണാടക രഞ്ജി ക്യാമ്പിലെ മികച്ച പ്രകടനങ്ങൾ മൂലം രഘു ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിലെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിനായുള്ള തയ്യാറെടുപ്പിനിടെ NCA സന്ദർശിച്ച സാക്ഷാൽ സച്ചിൻ ടെണ്ടുൽകറിന്റെ നിർദേശപ്രകാരം 2011ലെ ലോകകപ്പിന് ശേഷം നടന്ന ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ത്രോ ബോൾ സ്പെഷ്യലിസ്റ് ആയി രഘു നിയമിക്കപ്പെട്ടു.

മികച്ച വേഗതയിൽ പന്തെറിയാൻ ഉള്ള കഴിവായിരുന്നു രഘുവിന്റെ കൈമുതൽ. ജീവിതത്തിൽ താനനുഭവിച്ച ദുരിതങ്ങളോടുള്ള പകയാവാം ഒരുപക്ഷെ അവന്റെ കൈകളിൽ കൊടുങ്കാറ്റു നിറയ്ക്കുന്നത്. ആ വേഗത ഇന്ത്യൻ ടീമിനു മുതൽക്കൂട്ടായി. സച്ചിൻ, ലക്ഷ്മൺ, ദ്രാവിഡ്‌ മുതലായ മികച്ച ബാറ്സ്മാന്മാരുടെ സാങ്കേതിക മികവിനെ രഘുവിന്റെ പന്തുകൾ പരീക്ഷിച്ചു. ഒരിക്കൽ രഘുവിന്റെ പന്തു കൊണ്ടു മൂക്കിൽ നിന്നും രക്തം വന്ന അജിൻക്യ രഹാനെ പരിശീലനം മതിയാക്കി മടങ്ങിയിട്ടുണ്ടത്രെ.

രഘുവിന്റെ പന്തുകൾ നേരിട്ടു നേടിയ ആത്മവിശ്വാസം പക്ഷേ പല വിദേശ പര്യടനങ്ങളിലും ഇന്ത്യൻ ബാറ്സ്മാന്മാർക് തുണയായിട്ടുണ്ട്. വിവിധ രീതിയിലുള്ള ബൗൺസും സ്വിങ്ങും മനസ്സിലാക്കാൻ രഘുവിന്റെ പന്തുകൾ അവരെ സഹായിക്കുന്നു. 2013 ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം മികച്ചൊരു വാഗ്ദാനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ് രഘുവിനെ സമീപിച്ചെങ്കിലും രഘു അതു നിരസിച്ചു. ഇന്ത്യൻ ടീമിനായി പ്രവർത്തിക്കുകയെന്നത് കളിക്കാരുടെ മാത്രമല്ല തന്നെപ്പോലെയുള്ള സപ്പോർട് സ്റ്റാഫിന്റേയും ജീവിതലക്ഷ്യമാണെന്നായിരുന്നു രഘുവിന്റെ അഭിപ്രായം.

ഒരു മികച്ച പേസ് ബൗളറായി ഇന്ത്യൻ ടീമിന്റെ വിജയങ്ങളിൽ പങ്കാളിയാവുക എന്നതായിരുന്നു രഘുവിന്റെ ജീവിതലക്ഷ്യം. “ലക്ഷ്യബോധവും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കിൽ വഴികൾ താനേ തുറക്കപ്പെടും”. പേരുകേട്ട വിദേശമൈതാനങ്ങളിൽ നിന്നും കിരീടപ്പെരുമയുമായി മടങ്ങിയെത്തുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനു പിന്നിൽ ചെറിയൊരു ചിരിയുമായി നിൽക്കുന്ന രഘുവിന്റെ ചിത്രം നമുക്കു നൽകുന്ന സന്ദേശവും അതാണ്.

(ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ശ്യാം അജിത് കെ എഴുതിയ കുറിപ്പ്)നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More