തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാനൊരുങ്ങി കോട്ടയം ലോക്‌സഭാ മണ്ഡലം

അറിഞ്ഞുചെയ്യാം വോട്ട് -14
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

പച്ചയുടുത്ത ഭൂപ്രദേശവും മലനിരകളും തടകാങ്ങളുമൊക്കെ നിറഞ്ഞ പ്രദേശമാണ് കോട്ടയം. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ മുന്നില്‍. പ്രാചീന കാലം മുതല്‍ക്കെ ജനവാസ മേഖലയായിരുന്നു കോട്ടയം എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ഇരു മുന്നണികളെ പിന്തുണച്ചുകൊണ്ടിരുന്ന ലോക്‌സഭാ മണ്ഡലമായിരുന്നു ഒരുകാലത്ത് കോട്ടയം. എന്നാല്‍ ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ കോട്ടയം വേദിയാകുന്നത് ശക്തമായ ത്രികോണ മത്സരത്തിനാണ്.

കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, പിറവം, കടുത്തുരുത്തി, വൈക്കം, പാലാ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. കോട്ടയം ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. എല്‍ഡിഎഫ്, യുഡിഎഫ് എന്നീ ഇരു മുന്നണികളെയും പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വിവധ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചുനോക്കാം.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് ശക്തമായ വിജയങ്ങള്‍ സമ്മാനിച്ച മണ്ഡലമാണ് കോട്ടയം. 1957 -ല്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ മാത്യു മണിയങ്ങാടനിലൂടെ വലത്തുപക്ഷം വിജയം നേടി. തുടര്‍ന്ന് 1962- ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലും യുഡുഎഫ് മാത്യു മണിയങ്ങാടനിലൂടെ ഇതേ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 67 -ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ വലത്തുപക്ഷത്തിന് കാലിടറി. 1971 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കി ജോര്‍ജ്ജിനായിരുന്നു വിജയം. 77 -ലും 80 -ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസിന്റെ സ്‌കറിയ തോമസും വിജയം നേടി.1989- ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ രമേശ് ചെന്നിത്തലയിലൂടെ ചരിത്ര വിജയം നേടി വലത്തുപക്ഷം. തുടര്‍ന്ന് 1991 ലും 1996- ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ രമേശ് ചെന്നിത്തലയിലൂടെ ഇതേവിജയം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. എന്നാല്‍ തുടര്‍ന്ന് 1998 ലും 99 -ലും 2004 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ വലത്തുപക്ഷത്തിനു പ്രതികൂലമായിരുന്നു കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ വിധി. 2009 -ല്‍ കേരള കോണ്‍ഗ്രസിന്റെ ജോസ് കെ മാണിയിലൂടെ യുഡിഎഫ് വീണ്ടും മണ്ഡലത്തില്‍ തിരിച്ചെത്തി. 2014- ലും ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു.സുപ്രധാനമായ നിരവധി വിജയങ്ങള്‍ എല്‍ഡിഎഫും കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നേടിയിട്ടുണ്ടെന്ന് മണ്ഡലത്തിലെ പൊതു തെരഞ്ഞെടുപ്പുകളുടെ ചരിത്രം വ്യക്തമാക്കുന്നു. 1967 -ലെ തെരഞ്ഞെടുപ്പില്‍ കെ എം അബ്രഹാമിലൂടെ ഇടത്തുപക്ഷം വിജയം നേടി. 1984 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ സുരേഷ് കുറുപ്പിലൂടെയായിരുന്നു എല്‍ഡിഎഫിന്റെ വിജയം. പിന്നീട് 1998 മുതല്‍ 2004 വരെ നടന്ന മൂന്ന് പൊതു തെരഞ്ഞെടുപ്പിലും കെ സുരേഷ് കുറുപ്പിലൂടെ ഇടത്തുപക്ഷം ചരിത്ര നേട്ടം സ്വന്തമാക്കി.

എന്‍ഡിഎയ്ക്ക് ഇതുവരെയും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ സാധിക്കാത്ത പാര്‍ലമെന്റ് മണ്ഡലമാണ് കോട്ടയം. എങ്കിലും ഇത്തവണ മൂന്ന് മുന്നണികളും ശക്തമായ പോരാട്ടത്തിനുതന്നെയാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ തയാറെടുക്കുന്നത്. തോമസ് ചാഴിക്കാടനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വി എന്‍ വാസവന്‍ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായും കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നു. പി സി തോമസാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മൂന്ന് മുന്നണികളും പ്രചരണം രംഗത്തും സജീവമാണ്. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ശബരിമല വിഷയം തന്നെയാണ് എന്‍ഡിഎയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണായുധം. കാര്‍ഷിക മേഖലയും വികസനവുമൊക്കെയാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്.

Read more:ഇടുക്കിയുടെ മലയിടുക്കുകളില്‍ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഉയരുമ്പോള്‍

2014 -ലെ പൊതു തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലത്തുപക്ഷത്തെയാണ് കോട്ടയം ലോക്‌സഭാ മണ്ഡലം പിന്തുണച്ചതെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് കെ മാണി മണ്ഡലത്തിലെ ആകെ വോട്ടിന്റെ 50.96 ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയിരുന്നു. അതായത് 4,24,194 വോട്ട്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാത്യു ടി തോമസ് 303,595 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. അതായത് 36.47 ശതമാനം. 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോസ് കെ മാണിയുടെ ജയം. 2009 -ലെ പൊതു തെരഞ്ഞെടുപ്പില്‍ 71,570 ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് കെ മാണിക്ക് ലഭിച്ച ഭൂരിപക്ഷം. തോമസ് ചാഴിക്കാടനിലൂടെ മികച്ച ഭൂരിപക്ഷം നേടി സീറ്റ് നിലനിര്‍ത്താനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തകയാണെങ്കില്‍ നിലവിലെ സ്ഥിതിഗതികള്‍ യുഡിഎഫിന് അനുകൂലമാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പിറവം, കടുത്തുരുത്തി, പാലാ, കോട്ടയം, പുതുപ്പള്ളി എന്നീ അഞ്ച് മണ്ഡലങ്ങള്‍ വലത്തുപക്ഷത്തോടാണ് കൂറ് പുലര്‍ത്തയിരിക്കുന്നത്. അതേസമയം വൈക്കം, ഏറ്റുമാനൂര്‍ എന്നീ രണ്ട് മണ്ഡലങ്ങള്‍ ഇടത്തുപക്ഷത്തെയാണ് പിന്തുണച്ചിരിക്കുന്നത്. 5,76,593 പുരുഷ വോട്ടര്‍മാരും 601332 വനിതാ വോട്ടര്‍മാരും ആറ് തേര്‍ഡ് ജെന്‍ഡര്‍മാരും അടക്കം 11,77,931 വോട്ടര്‍മാരാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്നതുകൊണ്ടുതന്നെ കോട്ടയത്തിന്റെ വിധി പ്രവചനങ്ങള്‍ക്കും അതീതമാണ്.

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘ അറിഞ്ഞുചെയ്യാം വോട്ട്’നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More