Advertisement

ഇടുക്കിയുടെ മലയിടുക്കുകളില്‍ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഉയരുമ്പോള്‍

April 16, 2019
Google News 3 minutes Read

അറിഞ്ഞുചെയ്യാം വോട്ട്- 13
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

മലയിടുക്കുകളും പുഴകളുമെല്ലാം നിറഞ്ഞ് ഹരിതാഭയും പച്ചപ്പുമായി പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഇടം, ഇടുക്കി. ചലച്ചിത്ര ഗാനം പോലെ ഇടുക്കിയിലെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ്’. ഇടുക്കിയിലെ ഓരോ പുല്‍നാമ്പിനും അത്രമേല്‍ ഭംഗി തെളിഞ്ഞു നില്‍പ്പുണ്ട്. ഇടുക്കിയിലെ പ്രകൃതി ഭംഗിയൊന്നുമല്ല ഇവിടുത്തെ വിഷയം; മറിച്ച്, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ. കടുത്ത പോരാട്ടത്തിനു തന്നെയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലം വേദിയാകുന്നത്.

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. മണ്ഡലത്തിലെ ഇതുവരെയുള്ള പൊതുതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ വലത്തുപക്ഷത്തോടും ഇടത്തുപക്ഷത്തോടും ഏകദേശം ഒരുപോലെ കൂറ് പുലര്‍ത്തുന്നവരാണ് മണ്ഡലം എന്ന് വ്യക്തം. 1967 മുതല്‍ 2014 വരെയുള്ള 13 പൊതുതെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ ഏഴ് തവണ യുഡിഎഫും ആറ് തവണ എല്‍ഡിഎഫുമാണ് മണ്ഡലത്തില്‍ അധികാരത്തിലെത്തിയിട്ടുള്ളത്.

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയചരിത്രങ്ങള്‍ പരിശോധിക്കാം. 1977 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സി എം സ്റ്റീഫനിലൂടെയായിരുന്നു വലത്തുപക്ഷത്തിന്റെ വിജയം. 80 -ല്‍ നടന്ന ഇലക്ഷനില്‍ അധികാരം നഷ്ടപ്പെട്ടെങ്കിലും 1984 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പി ജെ കുര്യനിലൂടെ യുഡിഎഫ് വിജയം നേടി. 89- ല്‍ പാല കെ എം മാത്യുവിലൂടെയായിരുന്നു ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയം. 1991- ല്‍ നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് ഇതേ വിജയം ആവര്‍ത്തിച്ചു.

1996- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സാരഥി എ സി ജോസിലൂടെ യുഡിഎഫ് വിജയം നേടി. 98 -ല്‍ നടന്ന പൊതുതരെഞ്ഞെടുപ്പില്‍ വലത്തുപക്ഷത്തിന്റെ പി സി ചാക്കോ ഇടുക്കിയില്‍ നിന്നും പാര്‍ലമെന്റിലെത്തി. എന്നാല്‍ 1999- ലും 2004- ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് അനുകൂലമായിരുന്നില്ല ഇടുക്കിയിലെ വിധി. 2009 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പി റ്റി തോമസിലൂടെ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് എതിരെയാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം വിധി എഴുതിയത്.

ഇടത്തുപക്ഷവും ചരിത്ര വിജയങ്ങള്‍ നേടിയിട്ടുണ്ട് ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍. 1967- ല്‍ പി കെ വാസുദേവന്‍ നായരിലൂടെ ഇടത്തുപക്ഷം വിജയം നേടി. 71 -ല്‍ നടന്ന ഇലക്ഷനിലും എല്‍ഡിഎഫിനോടാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം കൂറ് പുലര്‍ത്തിയത്. 80 -ല്‍ സിപിഎമ്മിന്റെ എം എം ലോറന്‍സിലൂടെയും ഇടത്തുപക്ഷം വിജയം നേടി. തുടര്‍ന്ന് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം 1999 -ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ കെ ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചു. ഇടത്തുപക്ഷത്തെയാണ് അദ്ദേഹം പിന്തുണച്ചതും. 2004- ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഇതേ വിജയം എല്‍ഡിഎഫ് ആവര്‍ത്തിച്ചു. 2014- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയ്‌സ് ജോര്‍ജ് വിജയിക്കുകയും എല്‍ഡിഎഫിനോട് കൂറ് പുലര്‍ത്തുകയും ചെയ്തു.

ഇടത്തുപക്ഷവും വലത്തുപക്ഷവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് ഇത്തവണയും രംഗത്തിറക്കുന്നത് എന്ന പ്രത്യേകതയും ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഈ തെരഞ്ഞെടുപ്പിനുണ്ട്. ജോയ്‌സ് ജോര്‍ജ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഡീന്‍ കുര്യാക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതേസമയം ഇതുവരെയും മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും ഇത്തവണത്തെ ഇലക്ഷനില്‍ ബിജെപിയും ശക്തമായി തന്നെ രംഗത്തുണ്ട്. ബിഡിജെഎസിലെ ബിജു കൃഷ്ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മൂന്ന് മുന്നണികളുടെ പ്രചരണവും മികച്ച രീതിയില്‍ തന്നെ മുന്നോട്ടുപോകുന്നു.

Read more:തെരഞ്ഞെടുപ്പ് ആവേശത്തില്‍ നിറഞ്ഞ് എറണാകുളവും

കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയ്‌സ് ജോര്‍ജിന് 3,82,019 വോട്ടാണ് ലഭിച്ചത്. അതായത് ആകെയുള്ള വോട്ടിന്റെ 46.60 ശതമാനം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡീന്‍ കുര്യാക്കോസ് 3,31,477 വോട്ടുകളും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാബു വര്‍ഗീസിന് ആകെ വോട്ടിന്റെ 6.15 ശതമാനം മാത്രമാണ് നേടാന്‍ സാധിച്ചത്. അതായത് 50,438 വോട്ട്. 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ വിജയം. ജോയ്‌സ് ജോര്‍ജിലൂടെ ഇതേ വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുമ്പോള്‍ മണ്ഡലം തിരിച്ചു പിടിക്കാനാണ് വലത്തുപക്ഷത്തിന്റെ ലക്ഷ്യം. അതേ സമയം ഇടുക്കിയില്‍ ചരിത്ര വിജയം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ പോരാട്ടത്തിനിറങ്ങുന്നത്.

എന്നാല്‍ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കൂടുതല്‍ മണ്ഡലങ്ങളും എല്‍ഡിഎഫിന് അനുകൂലമാണെന്ന് വ്യക്തം. ഏഴ് മണ്ഡലങ്ങളില്‍ കോതമംഗലം, ദേവികുളം, മൂവാറ്റുപുഴ, ഉടുമ്പന്‍ചോല, പൂരുമേട് എന്നീ അഞ്ച് മണ്ഡലങ്ങളിലും ഇടത്തുപക്ഷമാണ് അധികാരത്തിലുള്ളത്. തൊടുപുഴയും ഇടുക്കിയും മാത്രമാണ് കോണ്‍ഗ്രസിനോട് കൂറ് പുലര്‍ത്തിയിരിക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍. 5,84,925 പുരുഷ വോട്ടര്‍മാരും 5,91,171 വനിതാ വോട്ടര്‍മാരും മൂന്ന് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം ആകെ 11,76,099 വോട്ടര്‍മാരാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട്’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here