തെരഞ്ഞെടുപ്പ് ആവേശത്തില്‍ നിറഞ്ഞ് എറണാകുളവും

അറിഞ്ഞു ചെയ്യാം വോട്ട്; 12
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
വൈവിധ്യങ്ങളായ സംസ്‌കാരങ്ങളും പാരമ്പര്യവും പൈതൃകവുമെല്ലാം പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശം. എറണാകുളത്തെ ഇങ്ങനെയും വിശേഷിപ്പിക്കാം. വ്യാവസായികപരവും സാംസ്‌കാരികപരവുമായൊക്കെയുള്ള വികസന കാര്യങ്ങളില്‍ ഏറെ മുന്നിലാണ് എറണാകുളം. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് എറണാകുളം ലോക്‌സഭാ മണ്ഡലമിപ്പോള്‍. മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെ ലക്ഷ്യം വെച്ചിരിക്കുന്ന മണ്ഡലം എന്നുകൂടി നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പറയേണ്ടിവരും.
പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃപ്പൂണിത്തറ, തൃക്കാക്കര, കളമശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം. 1957 മുതല്‍ 2014 വരെയുള്ള വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ വിജയചരിത്രം പരിശോധിച്ചാല്‍ വലത്തുപക്ഷത്തിന് മുന്‍തൂക്കമുളള മണ്ഡലമാണ് എറണാകുളം എന്നു വ്യക്തം. ചുരുങ്ങിയ വര്‍ഷങ്ങളില്‍ മാത്രമാണ് മണ്ഡലം യുഡിഎഫിന് എതിരെ വിധി എഴുതിയത്.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയചരിത്രങ്ങള്‍ പരിശോധിക്കാം. 1957 -ല്‍ എ എം തോമസിലൂടെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയം നേടി. 1962 ലും ഇതേ വിജയം തന്നെ കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. 67 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതികൂലമായിട്ടാണ് എറണാകുളം ലോക്‌സഭാ മണ്ഡലം വിധി എഴുതിയത്. എന്നാല്‍ 71 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ഹെന്‍ റി ഓസ്റ്റിനിലൂടെ വലത്തുപക്ഷം മണ്ഡലത്തില്‍ അധികാരത്തിലെത്തി.
1977 -ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഹെന്റി ഓസ്റ്റിനിലൂടെ തന്നെ വലത്തുപക്ഷം വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് 1980 -ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സേവ്യര്‍ അറയ്ക്കലിലൂടെ വീണ്ടും കോണ്‍ഗ്രസിനുതന്നെ വിജയം. 1984 -ലും 89ലും 91 -ലും നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെ വി തോമസ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലെത്തി. എന്നാല്‍ 1996 -ല്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 1997 -ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് എതിരായ് എറണാകുളം ലോക്‌സഭാ മണ്ഡലം വിധി എഴുതി.
തുടര്‍ന്ന് 98 -ലും 99 -ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ജോര്‍ജ് ഈഡനിലൂടെ യുഡിഎഫ് വിജയം നേടി. 2003 -ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം സമ്മതിക്കേണ്ടിവന്നുവെങ്കിലും 2009 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ വി തോമസിലൂടെ വിജയം നേടി വലത്തുപക്ഷം എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായി നിലയുറപ്പിച്ചു. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ഹൈബി ഈഡനെയാണ് ഇത്തവണ യുഡിഎഫ് പോരാട്ടത്തിനിറക്കുന്നത്. മുന്‍ എംപി ജോര്‍ജ് ഈഡന്റെ മകനാണ് ഹൈബി. അതുകൊണ്ടുതന്നെ ഹൈബി ഈഡന് മണ്ഡലത്തിലുള്ള സ്വാധീനം ചെറുതല്ല
എറണാകുളം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്തുപക്ഷവും ചരിത്ര വിജയങ്ങല്‍ നേടിയിട്ടുണ്ട്. 1967 -ല്‍ സിപിഎമ്മിന്റെ വി വി മേനോനിലൂടെയായിരുന്നു മണ്ഡലത്തിലെ ഇടത്തുപക്ഷത്തിന്റെ ആദ്യ ജയം. പിന്നീട് 1996 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സേവ്യര്‍ അറയ്ക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ഇടത്തുപക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 1997 -ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്തു. 2003 -ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സെബാസ്റ്റ്യന്‍ പോള്‍ ഇടത്തുപക്ഷത്തെ പിന്തുണച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും വിജയിക്കാന്‍ ഇടത്തുപക്ഷത്തിനായില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ പി രാജാവിനെയാണ് ഇത്തവണ എല്‍ഡിഎഫ് മണ്ഡലത്തില്‍ മത്സരത്തിനിറക്കുന്നത്. ജനകീയനായ പി രാജീവില്‍ ഇടത്തുപക്ഷം അര്‍പ്പിക്കുന്ന പ്രതീക്ഷയും ചെറുതല്ല.
Read more ചാലക്കുടിയില്‍ പോരാട്ടം മുറുകുമ്പോള്‍
ഇതുവരെയും എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത മുന്നണിയാണ് ബിജെപി. എന്നാല്‍ ഇത്തവണ എന്‍ഡിഎ വിജയ പ്രതീക്ഷ അര്‍പ്പിക്കുന്ന ലോക്‌സഭാ മണ്ഡലം കൂടിയാണ് എറണാകുളം. അല്‍ഫോന്‍സ് കണ്ണന്താനമാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. വൈകി രാഷ്ട്രീയത്തില്‍ എത്തിയതാണ് അല്‍ഫോന്‍സ് കണ്ണന്താനം. ഇടത്തുപക്ഷക്കാരനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ബിജെപിയിലേക്ക് കൂറുമാറി. അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനും പിന്നീട് കേന്ദ്ര മന്ത്രിയായതിനുമെല്ലാം പിന്നില്‍ ബിജെപിക്ക് വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പറവൂര്‍, കളമശ്ശേരി, എറണാകുളം, തൃക്കാക്കര എന്നീ നാല് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തറ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പവുമാണ്. 5,89,598 പുരുഷ വോട്ടര്‍മാരും 6,19,834 വനിതാ വോട്ടര്‍മാരും എട്ട് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 1209440 വോട്ടര്‍മാരാണ് എറണാകുളം ലോക്‌സഭാമണ്ഡലത്തില്‍ ആകെയുള്ളത്. പൊതുതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here