പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും അജ്ഞാത പെട്ടി; പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറി ധർമ്മേന്ദ്ര പ്രധാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും അജ്ഞാത പെട്ടി കണ്ടെത്തി. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിലാണ് പെട്ടി കണ്ടെത്തിയത്. ഹെലികോപ്റ്റർ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി തടയുകയും അവരോട് തട്ടിക്കയറുകയും ചെയ്തു. സംഭവത്തിൽ ദുരൂഹതയേറുകയാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെഡി രംഗത്തെത്തി.
കഴിഞ്ഞ ദിവസം ധർമ്മേന്ദ്ര പ്രധാൻ ഒഡീഷയിലെത്തിയപ്പോഴാണ് സംഭവം. ഹെലികോപ്റ്റർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഉദ്യോഗസ്ഥരെ പ്രധാൻ തടയുകയായിരുന്നു. മന്ത്രിയുടെ ഹെലികോപ്റ്ററും സീൽ ചെയ്തനിലയിലായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും മന്ത്രി സമ്മതിച്ചില്ല. ഉദ്യോഗസ്ഥരോട് മന്ത്രി മോശമായി പെരുമാറുകയും ചെയ്തു.
മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയിൽ പണമാണെന്നാണ് ബിജെഡിയുടെ ആരോപണം. ഉദ്യോഗസ്ഥരുടെ പരിശോധന തടസ്സപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി വേണമെന്നും ബിജെഡി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബിജെപി തയ്യാറായിട്ടില്ല.
Read more: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത് വാർത്തയായിരുന്നു. ഒഡീഷയിൽ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറൽ ഒബ്‌സർവർ ആയി നിയോഗിച്ചിരുന്ന കർണാടകയിൽ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തത്. മോദിയുടെ ഹെലികോപ്റ്ററിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങൾ പരിശോധന നടത്തിയതിനെ തുടർന്നാണു നടപടിയെന്നു കമ്മീഷൻ ഉത്തരവിൽ അറിയിച്ചു.
കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിൽ നിന്ന് സുരക്ഷാപരിശോധനയിൽ ഉൾപ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here