Advertisement

വികസനവും രാഷ്ട്രീയവും തുറന്നു പറഞ്ഞ് സ്ഥാനാർത്ഥികൾ; എറണാകുളം ആർക്കൊപ്പം?

April 18, 2019
Google News 1 minute Read

കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് ഏറ്റവും മികച്ച റെക്കോഡുള്ള മണ്ഡലമാണ് എറണാകുളം. സാമുദായിക സമവാക്യങ്ങളും കക്ഷിരാഷ്ട്രീയ ബന്ധങ്ങളും കോൺഗ്രസിന് അനുകൂലമായുള്ള ഘടകങ്ങളാണ്. പതിനാറു പൊതു തെരഞ്ഞെടുപ്പുകളിൽ പതിമൂന്നുവട്ടവും കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്. സിപിഐഎം ചിഹ്നത്തിലുള്ള സ്ഥാനാർത്ഥിയെ ഒരു പ്രാവശ്യം മാത്രം വിജയിപ്പിച്ച ചരിത്രവും മണ്ഡലം പങ്കുവെയ്ക്കുന്നു. രണ്ടുപ്രാവശ്യം ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോൾ, രണ്ടു വട്ടവും എറണാകുളംകാർ കോൺഗ്രസുകാരെ തോൽപ്പിച്ചു കളയുകയാണ് ചെയ്തത്.

ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയിരിക്കുന്നത് ഹൈബി ഈഡനാണ്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് സിറ്റിങ് എം പി കെ വി തോമസ് ഇടഞ്ഞു നിന്നതും പിന്നീട് ഹൈബി ഈഡനു വേണ്ടി പ്രചാരണത്തിനിറങ്ങിയതുമെല്ലാം ജനങ്ങൾ കണ്ടു. മണ്ഡലം എങ്ങനെയും നിലനിർത്തണമെന്നുറച്ച് കച്ചമുറുക്കിയാണ് ഹൈബി പ്രചാരണ രംഗത്തുള്ളത്. ഇടത് സ്ഥാനാർത്ഥി പി രാജീവാകട്ടെ കൃത്യമായ രാഷ്ട്രീയവും വികസനവും പറഞ്ഞാണ് ജങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നത്. മണ്ഡലം പിടിച്ചെടുത്തേ അടങ്ങൂ എന്ന വാശിയൊന്നും രാജീവിനില്ല. വികസന കാഴ്ചപ്പാടുകളുണ്ടെങ്കിലും അതെല്ലാം ജനങ്ങൾ ട്രോളുന്നതിന്റെ ചെറുതല്ലാത്ത നീരസമുണ്ട് എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്. സ്വയം ട്രോളിയാണെങ്കിലും ട്രോളുകളിൽ പുതിയൊരു തന്ത്രം മെനഞ്ഞിരിക്കുകയാണ് കണ്ണന്താനം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘടത്തിലേക്ക് കടക്കുകയാണ്. വികസനവും രാഷ്ട്രീയവും സംബന്ധിച്ച കാഴ്ചപ്പാടുകൾ സ്ഥാനാർത്ഥികൾ ട്വന്റിഫോറിനോട് പങ്കുവെച്ചപ്പോൾ…

ജനകീയനായ രാജീവ്

ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങൾ

വളരെ ആവേശകരമായ പ്രതികരണങ്ങൾ. എല്ലായിടത്തും നിറഞ്ഞ സ്‌നേഹത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. നേരത്തേ പല കാര്യങ്ങൾക്കും അവർക്കൊപ്പം ഉണ്ടായിരുന്ന ആൾ, ഇപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യത്തിനായി എത്തിയിരിക്കുന്നു എന്നുള്ളതാണ്. മുന്നണി പ്രവർത്തകർ വളരെ ആവേശകരമായി തന്നെ പ്രവർത്തന രംഗത്തുണ്ട്. മികച്ച ആത്മവിശ്വാസത്തിലാണ് എല്ലാവരും.

എറണാകുളത്തെ സംബന്ധിച്ചിടത്തോളം രണ്ട് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്കു വന്ന സ്ഥാനാർത്ഥികൾ. വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് എറണാകുളം വഴിമാറുമെന്ന് കരുതുന്നുണ്ടോ?

എതിരാളി ആരാണെന്നു നോക്കിയിട്ടില്ല. എന്റെയൊരു നിലപാടാണ് മുന്നോട്ടുവെയ്ക്കുന്നത്. വളരെ പോസിറ്റീവ് ആയ ഒരു ക്യാംപെയ്ൻ ആണ് നടത്തുന്നത്. യെസ് ആണോ നോ ആണോ എന്നു നോക്കിയല്ല. ഞങ്ങൾക്ക് പറയാനുള്ള രാഷ്ട്രീയം, മണ്ഡലത്തെക്കുറിച്ചുള്ള ഞങ്ങളുടെ വികസന കാഴ്ചപ്പാട്. അതാണ് ജനങ്ങളോട് സംവദിക്കാൻ ഉദ്ദേശിക്കുന്നത്.

എറണാകുളത്തെ വികസന പോരായ്മകൾ

എറണാകുളത്തിന്റെ വികസന പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യപ്പെടാത്ത നിരവധി ജനങ്ങളുണ്ട്. എറണാകുളം മെട്രോ നഗരം മാത്രമല്ല. തീരദേശം ഗൗരവമായ പരിഗണന അർഹിക്കുന്ന ഒരു മേഖല കൂടിയാണ്. അത് തീർച്ചയായും കേന്ദ്ര ഗവൺമെന്റ് കൈകാര്യം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്നെ പരമ്പരാഗത മേഖലകളിൽ മാറ്റം ഉണ്ടാകണം. എറണാകുളത്തിന്റെ മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും വേഗത വർദ്ധിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

സിപിഐഎമ്മിനെ ജനകീയമാക്കിയ ജൈവ പദ്ധതിക്ക് തുടക്കമിട്ടത് രാജീവാണ്. കുളം വൃത്തിയാക്കൽ ഉൾപ്പെടെ പരിസ്ഥിതി സൗഹാർദ്ധമായ പല പദ്ധതികൾക്കും താങ്കൾ തുടക്കമിട്ടു. അത്തരം പദ്ധതികൾക്കു തന്നെയാണോ ഇത്തവണയും മുൻതൂക്കം നൽകുന്നത്?

പാരിസ്ഥിതിക ഇടപെടലുകൾക്കു തന്നെയാണ് ഇടതു മുന്നണി പൊതുവേ പ്രാധാന്യം നൽകുന്നത്. കേരളാ ഗവൺമെന്റ് ഹരിത കേരളം പദ്ധതിയിലൂടെ കുറേ കൂടി ശക്തമായി മുന്നോട്ടു പോകാൻ ശ്രമിച്ചിട്ടുണ്ട്. അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൻപതോളം കുളങ്ങൾ ഞങ്ങൾ വൃത്തിയാക്കുകയുണ്ടായി. അൻപതിനായിരത്തോളം വരുന്ന മഴക്കുഴികൾ നിർമ്മിച്ചു കൊടുത്തു. പെരിയാറിൽ ഒരു ഇല്ലിത്തണൽ നിർമ്മിക്കാനായി ശ്രമിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തിവരുന്നു.

എതിർ സ്ഥാനാർത്ഥികളെ കുറ്റം പറയാതെ കൃത്യമായ രാഷ്ട്രീയം പറഞ്ഞുള്ളതാണ് രാജീവിന്റെ പ്രചാരണ രീതി. ഇത്തരത്തിലൊരു പ്രചാരണ രീതി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ഘടകം?

എസ്എഫ്‌ഐ സെക്രട്ടറിയായിരുന്ന കാലത്ത് ആവിഷ്‌ക്കരിച്ച ഒരു മുദ്രാവാക്യമുണ്ട്, ‘സംവാദാത്മക രാഷ്ട്രീയത്തിൽ നിന്നും സർഗാത്മക ക്യാമ്പസിലേക്ക്’. രാഷ്ട്രീയത്തിൽ ആശയങ്ങളാണ് ഉണ്ടായിരിക്കേണ്ടത്. ഏതെങ്കിലും ഒരു ആശയത്തോട് വിയോജിക്കുകയാണെങ്കിൽ ആ ആശയത്തോട് മാത്രമായിരിക്കണം വിയോജിപ്പ്. അത് പ്രതിദിധാനം ചെയ്യുന്ന വ്യക്തിയോടായിരിക്കരുത്. ആ വ്യക്തിയുടെ മറ്റൊരു ആശയത്തോട് യോജിച്ചെന്നു വരാം. അതേപോലെ തന്നെ വിയോജിച്ചെന്നും വരാം. അത് ആശയത്തോട് മാത്രമുള്ള വിയോജിപ്പായിരിക്കണം.

ഇവിടെ പഴയ എംപി എന്തെല്ലാം ചെയ്തു എന്ന് അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. അത് വിലയിരുത്തേണ്ടത് ജനങ്ങളാണ്. എതിർസ്ഥാനാർത്ഥിയെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി എന്ന നിലയ്ക്ക് ഞാൻ എന്ത് നിലപാട് സ്വീകരിക്കുന്നു? ജയിച്ചു കഴിഞ്ഞാൽ എന്താണ് മണ്ഡലത്തിന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത്? അത്തരം കാര്യങ്ങൾ വളരെ പോസിറ്റീവായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ജനാധിപത്യമെന്നത് അഞ്ചു വർഷത്തിനൊടുവിൽ വോട്ടുരേഖപ്പെടുത്തുന്നതോടെ അവസാനിക്കുന്ന ഒരു അവകാശമല്ല. ജനാധിപത്യത്തിൽ എല്ലാ തലങ്ങളും ഇടപെടേണ്ടതുണ്ട്.

വികസന കാഴ്ചപ്പാടുകളെക്കുറിച്ച് ജനകീയമായ ഒരു ഇടപെടലിന് തുടക്കമിട്ടിട്ടുണ്ട്. എറണാകുളം എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. എല്ലാവർക്കും എല്ലാത്തിനേയും കുറിച്ച് അറിവ് ഉണ്ടായിരിക്കണമെന്നില്ല. വികസനത്തെക്കുറിച്ച് നമ്മൾ കാണാത്ത പലതും കാണുന്ന നിരവധി വിദഗ്ധർ ഉണ്ടാകും. അത്തരം ഇൻപുട്ട്‌സ് വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ അത്യാവശ്യമാണ്. ജനങ്ങളുടെ പ്രതികരണങ്ങൾ കേൾക്കും. അതിനുള്ള മറുപടികൾ നൽകാനാണ് അവസാന നിമിഷങ്ങൾ വിനിയോഗിക്കുന്നത്. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് എന്നത് കൂറേക്കൂടി ഉത്സവമായിരിക്കണം.

ഹൈബി ഒന്നിനേയും ഭയക്കുന്നില്ല

സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച്?

ജനപ്രതിനിധി എന്ന നിലയിൽ എട്ട് വർഷത്തോളമായി ഞാൻ ജനങ്ങൾക്കിടയിലുണ്ട്. മത്സരിക്കണമെന്ന ആഗ്രഹം ഞാൻ എവിടെയും പ്രകടിപ്പിച്ചിട്ടില്ല. ഒരു പ്രത്യേക ഘട്ടത്തിലാണ് ഇങ്ങനെ ഒരു കാര്യം പാർട്ടി നിർദ്ദേശിക്കുന്നത്.

കോൺഗ്രസിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന പ്രചാരണം ഒരു സമയത്ത് വ്യാപകമായിരുന്നു. ഇത് ഏതെങ്കിലും രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കിയോ?

കേന്ദ്രം ബിജെപി ഭരിച്ചിരുന്ന മുൻകാലങ്ങളിലും സ്ഥാനമോഹികളായുള്ള ചിലർ പാർട്ടി വിട്ടുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ കാര്യം മറിച്ചാണ്. കാര്യങ്ങളെ ആശയപരമായി കാണുന്നവരാണ് കേരളത്തിലെ നേതാക്കൾ. കേരളത്തിൽ അത്തരത്തിലൊരു സാഹചര്യം ഉണ്ടെന്നു കരുതുന്നില്ല.

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം?

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കിൽ സ്ഥാനാർത്ഥികൾ ഒന്നിലധികം മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചിട്ടുണ്ട്. നരേന്ദ്രമോദിയും സോണിയ ഗാന്ധിയും ഉൾപ്പെടെ അങ്ങനെ മത്സരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്നത് ഇന്ത്യയിലെ, കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. ബിജെപിയും സിപിഐഎമ്മും ഇത്ര ആശങ്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല.

പി രാജീവിനെ എതിർസ്ഥാനാർത്ഥി എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു? ഹൈബി ഭയക്കുന്നോ?

ഇവിടെ ആശങ്കകൾക്കും ഭയത്തിനും സ്ഥാനമില്ല. തെരഞ്ഞെടുപ്പിന്റെ പ്രധാനവശം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല എന്നതാണ്. ആശയങ്ങളുടേയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടേയും അടിസ്ഥാനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പാണിത്. കേരളം രാഷ്ട്രീയം ചർച്ച ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ സംഭവ വികാസങ്ങൾ ചർച്ചചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഒരു സ്ഥാനാർത്ഥിയെ വ്യക്തിപരമായി വിലയിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ട്രോളിക്കോ, പക്ഷേ കണ്ണന്താനം പതറില്ല

മണ്ഡലത്തിൽ വലിയ വിജയപ്രതീക്ഷവെച്ചു പുലർത്തുന്നുണ്ടോ?

തീർച്ചയായും. ജനങ്ങൾക്ക് വേണ്ടത് വികസനമാണ്. അവരുടെ ആശയങ്ങൾ, അവർക്ക് പറയാനുള്ളത് കേട്ട ശേഷം നടപ്പിലാക്കുകയാണ് വേണ്ടത്. ഞാൻ 40 വർഷം ഐഎഎസുകാരനും എംഎൽഎയും എംപിയായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. അത് ഇവിടുത്തെ ജനങ്ങൾക്ക് അറിയാം.

പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിപ്പിച്ചത് കക്കൂസ് നിർമ്മാണത്തിനാണെന്ന താങ്കളുടെ പരാമർശം ഏറെ അമർഷത്തിനിടയാക്കിയല്ലോ?

ഇന്ത്യയിൽ ആർക്കെങ്കിലും കക്കൂസിന് ആവശ്യമില്ലെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് എന്റെ കുഴപ്പമല്ല. അത് ആ ചിന്താഗതിയുടെ കുഴപ്പമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 62 ശതമാനം ആളുകൾക്കും കക്കൂസ് ഇല്ലായിരുന്നു. ഇന്ന് 98 ശതമാനം ആളുകൾക്കും കക്കൂസ് ഉണ്ട്. ഐക്യരാഷ്ട്രസഭ, വേൾഡ് ഹെൽക്ക് ഓർഗനൈസേഷൻ ഉൾപ്പെടെ സംഘടനകൾ പറയുന്നത് ലോക ചരിത്രത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ വിപ്ലവമാണ് ഇതെന്നാണ്. അതിന് വിപരീതമായി ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും?.

വിജയപ്രതീക്ഷ നൽകുന്ന ഘടകങ്ങൾ?

എറണാകുളത്തെ വോട്ടർമാർ സ്മാർട്ടാണ്. അവർക്കറിയാം ആരൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന്. ധാരാളം വാഗ്ദാനങ്ങൾ നൽകാൻ പല സ്ഥാനാർത്ഥികൾക്കും സാധിക്കും. പക്ഷേ ഒരു വാഗ്ദാനവും ഞാൻ ആർക്കും കൊടുത്തിട്ടില്ല. ഐഎഎസ് രാജിവെച്ച് കാഞ്ഞിരപ്പള്ളിയിൽ എംഎൽഎയായി മത്സരിക്കുമ്പോൾ ഞാൻ അവർക്കൊപ്പം ഉണ്ടാകുമെന്നാണ് പറഞ്ഞത്. കളക്ടറായിരുന്ന കാലത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുത്തു. ഇതൊക്കെയാണ് എന്റെ ശൈലി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരവധി വിഷയങ്ങൾ ഉയർന്നു വരുന്നുണ്ട്. അതിനിടയിൽ ഉയർന്നുവന്ന ഒരു വിഷയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പാരാമർശം. ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്നും മുസ്ലീം ഭൂരിപക്ഷ മേഖലയായ വയനാട്ടിലേക്കാണ് രാഹുൽ പോയിരിക്കുന്നതെന്നായിരുന്നു മോദിയുടെ പരാമർശം. അത്തരം പരാമർശം ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ആശ്വാസ്യമായ കാര്യമാണോ?

സംഭവിക്കുന്ന കാര്യം, സംഭവിച്ച കാര്യം പറയുന്നതിൽ എന്താണ് തെറ്റ്?. ഉത്തർപ്രദേശിൽ ആയിരുന്ന കോൺഗ്രസിന്റെ ആസ്ഥാനം. അവിടെ കോൺഗ്രസ് അധ്യക്ഷന് ജയിക്കാൻ ഒരു സീറ്റുപോലുമില്ല എന്നു പറയുന്നത് നാണക്കേടല്ലേ? വയനാട് ചുരം കടന്ന് അവിടെ അഭയം പ്രാപിക്കുക എന്നത് മോശമല്ലേ?

എത്രത്തോളം സീറ്റ് കേരളത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ?

കുറേ സീറ്റ് കിട്ടും. ജനങ്ങളുടെ ഒരു വികാരം അതാണ് വ്യക്തമാക്കുന്നത്. നരേന്ദ്ര മോദി നാലര വർഷംകൊണ്ട് അദ്ഭുതങ്ങളാണ് കാണിച്ചത്. അറുപത് വർഷം കൊണ്ട് നടക്കാത്ത കാര്യങ്ങൾ മോദി ചെയ്തു എന്നു മാത്രമല്ല, ലോകത്ത് ഒരു പ്രധാനമന്ത്രിയും കുറഞ്ഞ സമയംകൊണ്ട് പാവങ്ങൾക്കുവേണ്ടി ഇത്രയും അധികം കാര്യങ്ങൾ ചെയ്തിട്ടില്ല. കേരളത്തിൽ മാത്രമല്ല, രാജ്യത്തൊട്ടാകെ ബിജെപിക്ക് വലിയെ തരംഗം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

തെരഞ്ഞെടുപ്പിന്റെ അവസാന വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളോട് ചിലത് പറയാന്‍ ഉണ്ടാകും. അവര്‍ക്ക് പറയാനുള്ള വികസനവും രാഷ്ട്രീയവും ട്വന്റിഫോര്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രത്യേക പംക്തി- ‘വോട്ട്‌സ്അപ്; നിങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here