പക വീട്ടി മുംബൈ ഇന്ത്യൻസ്; ജയം 40 റൺസിന്

സീസണിലെ ആദ്യ പാദത്തിൽ ഏൽക്കേണ്ടി വന്ന തോൽവിക്ക് പക വീട്ടി മുംബൈ ഇന്ത്യൻസ്. 40 റൺസിനായിരുന്നു മുംബൈയുടെ വിജയം. മൂന്ന് വിക്കറ്റെടുത്ത രാഹുൽ ചഹാറാണ് ഡൽഹി നിരയിൽ നാശം വിതച്ചത്. രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ, ഒരു വിക്കറ്റ് വീതമെടുത്ത ലസിത് മലിംഗ, കൃണാൽ പാണ്ഡ്യ എന്നിവരും മുംബൈക്ക് വേണ്ടി വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. 35 റൺസെടുത്ത ഓപ്പണർ ശിഖർ ധവാനാണ് മാത്രമാണ് ഡൽഹിക്ക് വേണ്ടി തിളങ്ങിയത്. 26 റൺസെടുത്ത അക്സർ പട്ടേലും ഡൽഹി നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.
മികച്ച രീതിയിലാണ് ഡൽഹി തുടങ്ങിയത്. പതിവിനു വിപരീതമായി ഹർദ്ദിക്ക് പാണ്ഡ്യ ഓപ്പൺ ചെയ്ത മുംബൈ ബൗളിംഗ് അറ്റാക്കിനെ കടന്നാക്രമിച്ച ധവാൻ്റെ മികവിൽ 48 റൺസാണ് ഡൽഹി ആദ്യ പവർ പ്ലേയിൽ സ്കോർ ചെയ്തത്. തൊട്ടടുത്ത ഓവറിൽ രാഹുൽ ചഹാറിൻ്റെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ 22 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതം 35 റൺസായിരുന്നു ധവാൻ്റെ സമ്പാദ്യം. മറുവശത്ത് താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പൃഥ്വി ഷായെയും കോളിൻ മൺറോയെയും ക്രീസിൽ തളച്ചിട്ട സ്പിന്നർമാർ ഡൽഹി ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കി.
ഒൻപതാം ഓവറിൽ രാഹുൽ ചഹാറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് പൃഥ്വി ഷായും മടങ്ങി. 24 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതം 20 റൺസെടുത്ത ശേഷമായിരുന്നു ഷായുടെ പുറത്താവൽ. അടുത്ത ഓവറിൽ മൂന്ന് റൺസെടുത്ത കോളിൻ മൺറോയെ കൃണാൽ പാണ്ഡ്യയും അത്ര തന്നെ റൺസെടുത്ത നായകൻ ശ്രേയാസ് അയ്യരെ രാഹുൽ ചഹാറും പുറത്താക്കി. 14ആം ഓവർ എറിഞ്ഞ ബുംറ ഋഷഭ് പന്തിൻ്റെ കുറ്റി പിഴുതതോടെ ഡൽഹിയുടെ ജയസാധ്യത ഏറെക്കുറെ അവസാനിച്ചു.
അവസാന ഓവറുകളിൽ ഏതാനും കൂറ്റനടികളിലൂടെ അക്സർ പട്ടേലും ക്രിസ് മോറിസും സ്കോർ ഉയർത്താൻ ശ്രമിച്ചുവെങ്കിലും വിജയം അകലെയായിരുന്നു. 17ആം ഓവറിലെ അവസാന പന്തിൽ ക്രിസ് മോറിസിനെ മലിംഗ പുറത്താക്കി. 9 പന്തുകളിൽ ഒരു സിക്സറടക്കം 11 റൺസെടുത്ത മോറിസിനെ മലിംഗ ലോംഗ് ഓണിൽ ഹർദ്ദിക്ക് പാണ്ഡ്യയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. 18ആം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ കീമോ പോളിനെയും അക്സർ പട്ടേലിനെയും മടക്കി അയച്ച ബുംറ ഡൽഹി ഇന്നിംഗ്സിന് അവസാന ആണി അടിച്ചു. കീമോ പോളിനെ സ്വന്തം ബോളിൽ റണ്ണൗട്ടാക്കിയ ബുംറ അക്സർ പട്ടേലിൻ്റെ കുറ്റി പിഴുതു. 23 പന്തുകളിൽ ഓരോ ബൗണ്ടറിയും സിക്സറും സഹിതം 26 റൺസെടുത്ത ശേഷമാണ് അക്സർ മടങ്ങിയത്.
വിജയിക്കാൻ 50 റൺസ് ആവശ്യമായിരുന്ന അവസാന ഓവറിൽ പന്തെറിഞ്ഞ ഹർദ്ദിക്ക് 9 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തതോടെ ഡൽഹി സ്കോർ 128/9 ൽ അവസാനിച്ചു.
നേരത്തെ ഹർദ്ദിക്ക് പാണ്ഡ്യയുടെയും കൃണാൽ പാണ്ഡ്യയുടെയും കൂറ്റനടികളാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണർമാരായ രോഹിത് ശർമ്മ, ക്വിൻ്റൺ ഡികോക്ക് എന്നിവരും മുംബൈക്ക് വേണ്ടി തിളങ്ങി. സ്ലോ പിച്ചിൽ സ്പിന്നർമാരായ അമിത് മിശ്ര, അക്സർ പട്ടേൽ എന്നിവരാണ് ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്. ഇരുവരും ഒരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here