ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള ഡൽഹിയിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിയ്ക്കും. ആം ആദ്മി പാർട്ടിയുമായി സഖ്യം സാധ്യമാകാതെ വന്നതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിയ്ക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഷീല ദീക്ഷിത്, കപിൽ സിബൽ, അജയ് മാക്കൻ തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചേക്കാം.

ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന തീരുമാനം കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയ്ക്ക് പുറമെ ഹരിയാനയിലും സഖ്യം വേണമെന്ന ആപ്പിന്റെ ആവശ്യം കോൺഗ്രസ് തള്ളിയതോടെയാണ് സഖ്യ സാധ്യതകൾ അവസാനിച്ചത്. ഇതോടെയാണ് 7 മണ്ഡലങ്ങളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ഊർജിതമാക്കാനാണ് കോൺഗ്രസ് തീരുമാനം. ന്യൂഡൽഹിയിൽ അജയ്മാക്കനും ചാന്ദിനി ചൗക്കിൽ കപിൽ സിബലും സ്ഥാനാർഥികൾ ആകും.

രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം ഈസ്റ്റ് ഡൽഹിയിൽ ഡിപിസിസി അധ്യക്ഷ ഷീല ദീക്ഷിതിന്റെ പേര് പട്ടികയിൽ ഉൾപെടുത്തിട്ടുണ്ട് എന്നാണ് വിവരം. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ജെ പി അഗർവാളും, നോർത്ത് വെസ്റ്റ് ഡൽഹിയിൽ രാജ്കുമാർ ചൗഹാനുമാണ് പരിഗണനയിൽ. സൗത്ത് ഡൽഹിയിൽ രമേശ് കുമാറും, വെസ്റ്റ്. ഡൽഹിയിൽ മഹാബൽ മിശ്രയും സ്ഥാനാർത്ഥികൾ ആയേക്കും. നേരെത്തെ ആപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരുന്നു. ബി ജെ പി ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 12നാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More