എബി ഇല്ലാതെ ആർസിബി; ടോസ് വിവരങ്ങൾ

റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഫീൽഡിംഗ്. ടോസ് നേടിയ കെകെആർ ക്യാപ്റ്റൻ ദിനേശ് കാർത്തിക് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. എബി ഡിവില്ല്യേഴ്സിനു പകരം ഹെൻറിച്ച് ക്ലാസനും ഉമേഷ് യാദവിനു പകരം ഡെയിൽ സ്റ്റെയിനും ടീമിലെത്തി. കൊൽക്കത്ത ടീമിൽ മാറ്റങ്ങളില്ല.

പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. ഇനിയുള്ള കളികളിൽ ജയിച്ച് പോയിൻ്റ് നില മെച്ചപ്പെടുത്താനാവും അവരുടെ ശ്രമം. അതുകൊണ്ട് തന്നെ ടീം കോമ്പിനേഷനിൽ ചില പരീക്ഷണങ്ങൾ നടത്താനും സാധ്യതയുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിന് സ്ഥിരതയില്ലായ്മ മാനേജ്മെൻ്റിന് തലവേദനയായി തുടരുകയാണ്. വളരെ ദുർബലമായ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിന് സ്റ്റെയിൻ്റെ വരവ് ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ.

കൊല്‍ക്കത്ത എട്ടു മത്സരങ്ങളില്‍ നിന്നും 8 പോയന്റുമായി ആറാം സ്ഥാനത്താണ്. സ്ഥിരതയോടെ ബാറ്റ് വീശുന്ന ആന്ദ്രെ റസ്സലിലാണ് ടീമിന്റെ പ്രതീക്ഷ. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം കരുത്തരാണ്. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന് തിളങ്ങാന്‍ കഴിയാത്തതുമാത്രമാണ് ടീമിനെ വലയ്ക്കുന്നത്.

Loading...
Top