ചിന്നസ്വാമിയിൽ തല ഷോ; അതിനെയും മറികടന്ന് ആർസിബിക്ക് ഒരു റൺ ജയം
അസാമാന്യ പ്രകടനവുമായി മുന്നിൽ നയിച്ച എംഎസ് ധോണിയുടെ ഇന്നിംഗ്സ് മറികടന്ന് ബാംഗ്ലൂരിന് അവിശ്വസനീയ ജയം. ഒരു റൺസിനാണ് ആർസിബി ജയം കുറിച്ചത്. അവസാന പന്തിൽ രണ്ട് റൺസ് വേണ്ട സമയത്ത് ഒരു ഡയ്രക്ട് ത്രോയിലൂടെ എസ് എൻ താക്കൂറിനെ റണ്ണൗട്ടാക്കിയ പാർത്ഥിവ് പട്ടേലാണ് ബാംഗ്ലൂരിന് സീസണിലെ മൂന്നാം ജയം സമ്മാനിച്ചത്.
കഴിഞ്ഞ മത്സരത്തിൻ്റെ ബാക്കി പത്രമായാണ് ഡെയിൽ സ്റ്റെയിൻ ബൗളിംഗ് ആരംഭിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ ഷെയിൻ വാട്സൺ പുറത്ത്. അവസാന പന്തിൽ റെയ്നയും പുറത്ത്. ആദ്യ ഓവർ അവസാനിക്കുമ്പോൾ ചെന്നൈയുടെ സ്കോർ ആറ് റൺസിന് രണ്ട് വിക്കറ്റ്. ഇതു വരെ കണ്ട കളികളിൽ നിന്നു വ്യത്യസ്തമായി ബാംഗ്ലൂർ പേസർമാരൊക്കെ തീ തുപ്പിയപ്പോൾ ആദ്യ പവർ പ്ലേയിൽ ചെന്നൈയുടെ സ്കോർ 4 വിക്കറ്റിന് 28 റൺസ്. 5 റൺസെടുത്ത ഡുപ്ലെസിസിനെയും 9 റൺസെടുത്ത കേദാർ ജാദവിനെയും ഉമേഷ് പുരത്താക്കുകയായിരുന്നു.
തുടർന്ന് ക്രീസിലൊത്തു ചേർന്ന ധോണി-റായുഡു സഖ്യം വേർപിരിയുന്നത് 14ആം ഓവറിലായിരുന്നു. 29 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതം അത്ര തന്നെ റൺസെടുത്ത റായുഡുവിനെ ചഹാലാണ് പുറത്താക്കിയത്. സ്കോർ ബോർഡിൽ അപ്പോൾ 83 റൺസ് മാത്രം. തുടർന്ന് ജഡേജയും ബ്രാവോയും വേഗം തന്നെ പുറത്തായി. ജഡേജ 11ഉം ബ്രാവോ 5 റൺസും എടുത്താണ് പുറത്തായത്.
അവസാന ഓവറിൽ ജയിക്കാൻ 26 റൺസ്. ഉമേഷ് യാദവെറിഞ്ഞ ആ ഓവറിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളും സഹിതം 24 റൺസെടുത്ത ധോണി അവസാന പന്ത് മിസ് ചെയ്ത് ഒരു റണ്ണിനു വേണ്ടി ഓടിയെങ്കിലും പാർത്ഥിവ് പട്ടേൽ താക്കൂറിനെ റണ്ണൗട്ടാക്കുകയായിരുന്നു.
നേരത്തെ ബൗളർമാരുടെ ഉജ്ജ്വല പ്രകടനത്തിൻ്റെ ബലത്തിലാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ചെന്നൈ സൂപ്പർ കിംഗ്സ് കുറഞ്ഞ സ്കോറിലൊതുക്കിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് ബാംഗ്ലൂർ നേടിയത്. അർദ്ധസെഞ്ചുറി നേടിയ പാർത്ഥിവ് പട്ടേലിനൊപ്പം ചെറിയ പിന്തുണകൾ പലരിൽ നിന്നും ലഭിച്ചെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here