ആറ്റിങ്ങലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍

അറിഞ്ഞുചെയ്യാം വോട്ട്-19
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മണ്ഡലങ്ങളെല്ലാം തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. തെരഞ്ഞെടുപ്പിലെ പരസ്യ പ്രചരണവും ഇന്നലെ അവസാനിച്ചു. നിശബ്ദ പ്രചരണ രംഗത്ത് മുന്നണികളും സജീവം. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലവും തെരഞ്ഞെടുപ്പ് ചൂടിലാണ്. വ്യക്തമായ രാഷ്ട്രീയ നിലപാടുകളും ചരിത്രവുമുള്ള ലോക്‌സഭാ മണ്ഡലമാണ് ആറ്റിങ്ങല്‍. 2008 ലെ മണ്ഡല പുനക്രമീകരണത്തിന്റെ ഭാഗമായാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പിറവി.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടക്കട എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. 2008 ലെ മണ്ഡല പുനക്രമീകരണത്തിനു മുമ്പ് ചിറയ്ന്‍കീഴ് എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയന്‍കീഴ്, കിളിമാനൂര്‍, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കുട്ടം എന്നീ മണ്ഡലങ്ങളായിരുന്നു ചിറയ്ന്‍കീഴ് ലോക്‌സഭാ മണ്ഡലത്തിന്റെ കീഴില്‍ ഉള്‍പ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ചിറയന്‍കീഴ് ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം ആദ്യം പരിശോധിക്കുന്നതാണ് ഉചിതം.

1957 മുതല്‍ 2004 വരയുള്ള പൊതുതെരഞ്ഞെടുപ്പുകളാണ് ചിറയന്‍കീഴ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്നിട്ടുള്ളത്. ഈ പതിമൂന്ന് തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തവണയും മണ്ഡലം ഇടത്തുപക്ഷത്തെയാണ് പിന്തുണച്ചിരിക്കുന്നതെന്ന് വ്യക്തം. എട്ട് തവണ ഇടത്തുപക്ഷത്തെ പിന്തുണച്ച മണ്ഡലം അഞ്ച് തവണ വലത്തുപക്ഷത്തെയും പിന്തുണച്ചിട്ടുണ്ട്. 1957 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം കെ കുമാരനിലൂടെയായിരുന്നു ഇടത്തുപക്ഷത്തിന്റെ വിജയം. 62 ലും ഇതേ വിജയം ഇടത്തുപക്ഷം ആവര്‍ത്തിച്ചു. 1967 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ അനിരുദ്ധനിലൂടെ ഇടത്തുപക്ഷം നേട്ടം കൊയ്തു. തുടര്‍ന്ന് 1971 മുതല്‍ 1989 വരെ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെതിരെ മണ്ഡലം വിധി എഴുതി. എന്നാല്‍ 1991 ലെ തെരഞ്ഞെടുപ്പില്‍ സുശീല ഗോപാലനിലൂടെ ഇടത്തുപക്ഷം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായി തിരിച്ചെത്തി. 1996 -ല്‍ എടത്തുപക്ഷം എ സമ്പത്തിലൂടെ വീണ്ടും മണ്ഡലത്തില്‍ നിലയുറപ്പിച്ചു. 98 മുതല്‍ 2004 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ വര്‍ക്കല രാധാകൃഷ്ണനിലൂടെയായിരുന്നു എല്‍ഡിഎഫിന്റെ നേട്ടം.

ചിറയന്‍കീഴ് ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ച് തവണയാണ് വലത്തുപക്ഷത്തിന് അനുകൂലമായി വിധി എഴുതപ്പെട്ടത്. 1971 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ വയലാര്‍ രവിയിലൂടെ വലത്തുപക്ഷം ചരിത്ര വിജയം നേടി. 77 ലെ തെരഞ്ഞെടുപ്പിലും വയലാര്‍ രവിയിലൂടെ ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു. 80 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എ എ റഹീമിലൂടെ വീണ്ടും വലത്തുപക്ഷം നേട്ടം കൊയ്തു. 1984 ലും 89 ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറിലൂടെ വീണ്ടും യുഡിഎഫ് തന്നെ മണ്ഡലത്തില്‍ അധികാരത്തിലെത്തി. തുടര്‍ന്ന് ചിറയന്‍കീഴ് മണ്ഡലത്തില്‍ നടന്നിട്ടുള്ള പൊതു തെരഞ്ഞെടുപ്പുകളെല്ലാം യുഡിഎഫിന് വിജയം കാണാത്ത പരീക്ഷണങ്ങള്‍ മാത്രമായിരുന്നു.

2009 ലെയും 2014 ലെയും പൊതു തെരഞ്ഞെടുപ്പിന്റെ ചരിത്രം മാത്രമാണ് ആറ്റിങ്ങല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ളത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇടത്തുപക്ഷത്തിനോട് തന്നെയാണ് മണ്ഡലം കൂറ് പുലര്‍ത്തിയിരിക്കുന്നതും. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ എ സമ്പത്തിനായിരുന്നു വിജയം. മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 45.67 ശതമാനം നേടാന്‍ എ സമ്പത്തിനു സാധിച്ചു. അതായത് 3,92,478 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു കൃഷ്ണ കഴിഞ്ഞ ഇലക്ഷനില്‍ 3,23,100 വോട്ടുകളാണ് നേടിയത്. അതായത് 37.60 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരിജ കുമാരി എസ് 90,528 വോട്ടുകളാണ് നേടിയത്.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ മണ്ഡലങ്ങളും ഇടത്തുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്നു വ്യക്തം. ഏഴ് മണ്ഡലങ്ങളില്‍ വര്‍ക്കല, ചിറയന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടക്കട എന്നീ ആറ് മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തിരിക്കുന്നത് എല്‍ഡിഎഫാണ്. ആറ്റിങ്ങല്‍ മണ്ഡലം മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വിധി എഴുതിയിരിക്കുന്നത്.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐമ്മിന്റെ എ സമ്പത്ത് തന്നെയാണ് ഇത്തവണയും ഇടത്തുപക്ഷത്തിനുവേണ്ടി മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും അങ്കത്തിനിറങ്ങുന്നു. ശക്തമായ പോരാട്ടത്തിനു തന്നെയാണ് ഇത്തവണ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം വേദിയാവുക. ഇതുവരെ നടപ്പിലാക്കിയിട്ടുള്ള വികസനകാര്യങ്ങളാണ് ഇടത്തുപക്ഷത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണായുധം. അതേസമയം മണ്ഡലത്തില്‍ പുതുതായി ആരംഭിക്കേണ്ട വികസനപ്രവര്‍ത്തികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് വലത്തുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിച്ച ശബരിമല വിഷയമാണ് ബിജെപിയുടെ പ്രചരാണായുധം. 6,14,686 പുരുഷ വോട്ടര്‍മാരും 7,05,109 വനിതാ വോട്ടര്‍മാരും 10 തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 13,19,805 വോട്ടര്‍മാരാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്.

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട്’നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More