കല്ലട ബസിൽ മർദ്ദനത്തിനിരയായ സച്ചിന്റേയും സുഹൃത്തിന്റേയും മൊഴിയെടുക്കും; നഷ്ടപ്പെട്ട ബാഗ് വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഡിജിപി

കല്ലട ട്രാവത്സിൽ ജീവനക്കാരുടെ ആക്രമണത്തിന് ഇരയായ സച്ചിന്റേയും സുഹൃത്തിന്റേയും മൊഴി രേഖപ്പെടുത്തും. സച്ചിനുമായി ഫോണിൽ സംസാരിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സച്ചിന്റേയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തുന്നതിന് ഒരു ഡിവൈഎസ്പിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുമെന്നും ബെഹ്‌റ ഫേസ്ബുക്കിൽ കുറിച്ചു.
വിദ്യാർത്ഥിയായ സച്ചിൻ കോയമ്പത്തൂരിനു സമീപം ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ്, ലാപ് ടോപ്, പ്രോജക്റ്റ് റിപ്പോർട്ട് എന്നിവയടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടുണ്ട്. അത് വീണ്ടെടുക്കുന്നതിന് കേരള പൊലീസ് സഹായിക്കും. നടന്ന സംഭവങ്ങൾ മുഴുവൻ വിശദമായി എഴുതി അയച്ചുതരാൻ സച്ചിനോടും പരിക്കേറ്റ അദ്ദേഹത്തിന്റെ സുഹൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കേരള പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം-ബംഗളൂരു കല്ലട ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റത്. ബസ് തകരാറിലായി മണിക്കൂറുകളോളം യാത്ര വൈകിയത് ചോദ്യം ചെയ്തതിനാണ് യുവാക്കളെ ജീവനക്കാർ മർദ്ദിച്ചത്. ബസിൽ യുവാക്കൾക്ക് മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഏഴ് പേരെ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here