അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു

29-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. നാഷണൽ എക്‌സിബിഷൻ സെന്ററിൽ ആരംഭിച്ച പുസ്തകമേളയിൽ 55 ഓളം രാജ്യങ്ങളിൽ നിന്നായി 1050 പ്രസാധകരാണ് പങ്കെടുക്കുന്നത്. 5 ലക്ഷത്തോളം പുസ്തകങ്ങൾ മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുന്നുണ്ട്. നാഷണൽ എക്‌സിബിഷൻ സെന്ററിൽ യുഎഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇത്തവണത്തെ അബുദാബി പുസ്തകോത്സവത്തിൽ ഇന്ത്യയെ അതിഥിരാജ്യമായി തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും വിവിധ ഇന്ത്യൻ എഴുത്തുകാരുടെയും പ്രസാധകരുടെയും നേതൃത്വത്തിൽ ചർച്ചകളും ഇന്ത്യൻ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ട്വന്റി ഫോറിനോട് പറഞ്ഞു. ഇത്തവണ പുസ്തകോത്സവത്തിലെ ഏറ്റവും വലിയ പവലിയൻ ഇന്ത്യയുടേതാണ്.
കേരളത്തിൽ നിന്നും ഇന്ദുമേനോനും എസ് ശാരദക്കുട്ടിയും അടക്കമുള്ളവർ പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. സാഹിത്യ അക്കാദമി,ഡി സി ബുക്ക്‌സ് തുടങ്ങിയ പ്രസാധകരും പുസ്തകോത്സവത്തിലുണ്ട്. നാലുലക്ഷത്തോളം സന്ദർശകരെയാണ് 7 ദിവസങ്ങളിലായി നടക്കുന്ന പുസ്തകമേളയിൽ സംഘാടകർ പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here