വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം

കണ്ണൂരിൽ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ജനൽച്ചില്ലുകൾ തകർന്നു. കീഴാറ്റൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് സുരേഷ് കീഴാറ്റൂർ ആരോപിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കണ്ണൂർ കീഴാറ്റൂരിലെ 102-ാം നമ്പർ ബൂത്തിൽ 60 കള്ളവോട്ട് പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളിൽ കള്ളവോട്ട് വ്യക്തമാണെന്നും സുരേഷ് കീഴാറ്റൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

കള്ളവോട്ടാണെന്ന് ആരോപിക്കുന്ന ഒരു വീഡിയോയും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതു പോലെ 60 കള്ളവോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങൾ കൈയിലുണ്ടെന്നായിരുന്നു വാദം. ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. കള്ളവോട്ട് വാർത്ത പുറത്തുവിട്ടതിനാൽ സഖാക്കൾ കൂട്ടത്തോടെ വീട് വളഞ്ഞെന്നും സുരേഷ് കീഴാറ്റൂർ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top