ചിപ്പില്ലാത്ത എടിഎം കാർഡുകൾ മാറ്റിയെടുക്കാൻ ഇനി അഞ്ച് ദിവസം മാത്രം

മാഗ്നറ്റിക് സ്ട്രിപ്പുള്ള പഴയ എടിഎം കാർഡുകൾ മാറ്റി ഇഎംവി ചിപ്പ് കാർഡുകൾ എടുക്കാൻ ഇനി വെറും അഞ്ച് ദിവസം കൂടി മാത്രം. കാർഡ് മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഈ മാസം 29 ആണ്. ഏപ്രിൽ 29നു ശേഷം പഴയ കാർഡുകൾ പ്രവർത്തന രഹിതമാകും. 29ന് ശേഷം ചിപ്പ് കാർഡുകൾ ഉപയോഗിച്ച് മാത്രമേ പണമിടപാട് സാധ്യമാവൂ.
എടിഎം കാർഡില്ലെങ്കിലും ഓൺലൈൻ ഇടപാടുകൾ മാറ്റമില്ലാതെ നടത്താം. എടിഎം പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ആർബിഐ ഇഎംവി ചിപ്പ് കാർഡുകൾ നിർബന്ധമാക്കിയിരിക്കുന്നത്. എടിഎം ഹാക്കിംഗ് പോലുള്ള ദുരുപയോഗങ്ങൾ ചിപ്പ് കാർഡിലേയ്ക്ക് മാറുന്നതിലൂടെ കുറയ്ക്കാനാകും.
കാർഡുകൾ മാത്രമല്ല, എടിഎം മെഷീനുകളും മാറ്റാനുള്ള ഒരുക്കത്തിലാണ് ബാങ്കുകൾ. ചിപ്പ് കാർഡുകൾക്കനുസരിച്ചുള്ള എടിഎം മെഷീനുകളിലേക്കാണ് ബാങ്കുകൾ മാറുന്നത്. കാർഡ് ഇൻസേർട്ട് ചെയ്യുമ്പോൾ മെഷീനിൽ കാർഡുകൾ ലോക്ക് ചെയ്യപ്പെടുന്ന രീതിയിലാകും പുതിയ സംവിധാനം. തുകയും പാസ്‌വേർഡും നൽകി കാർഡ് എടുത്തതിന് ശേഷമേ പണം പുറത്തു വരികയുള്ളൂ. ഇടപാട് പൂർത്തിയാകുന്നത് വരെ മെഷീൻ കാർഡിലുള്ള വിവരങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here