ജോഫ്ര ആർച്ചർ; ഒരു ടി-20 ഇതിഹാസം ജനിക്കുന്ന വിധം

പ്രതിഭാദാരിദ്ര്യമില്ലാത്തവരാണ് വെസ്റ്റ് ഇൻഡീസുകാർ. പ്രത്യേകിച്ചും അവരുടെ ബാറ്റിംഗ് ഓൾറൗണ്ടർമാരുടെ പട്ടികയ്ക്ക് യാതൊരു പഞ്ഞവുമില്ല. ക്രിക്കറ്റ് ബോർഡിൻ്റെ കെടുകാര്യസ്ഥതയും സാമ്പത്തിക പരാധീനതകളുമാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ നശിപ്പിച്ചത്. വെസ്റ്റ് ഇൻഡീസ് ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ബാറ്റിംഗ് ഓൾറൗണ്ടർമാരുടെ പട്ടികയിലെ ഏറ്റവും പുതിയ വലിയ പേരാണ് ജോഫ്ര ആർച്ചർ.
ബാർബഡോസിൽ ജനിച്ച ജോഫ്രയെ കഴിഞ്ഞ സീസണിലാണ് നമ്മൾ പരിചയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ജോഫ്ര മുംബൈക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ആ മത്സരത്തിൽ തന്നെ നാലു വിക്കറ്റെടുത്ത ജോഫ്ര അന്ന് മാൻ ഓഫ് ദി മാച്ചായി. അടുത്ത മത്സരം സൺ റൈസേഴ്സിനെതിരെ. വീണ്ടും ജോഫ്രയ്ക്ക് മൂന്നു വിക്കറ്റ്. സീസണിൽ ജോഫ്രയുടെ സമ്പാദ്യം 15 വിക്കറ്റുകളായിരുന്നു. സീസണിൽ രാജസ്ഥാൻ്റെ ടോപ്പ് വിക്കറ്റ് ടേക്കർ.
ഇക്കൊല്ലം വീണ്ടും ജോഫ്ര. 11 മത്സരങ്ങളിൽ നിന്നും 11 വിക്കറ്റ്. അതും 6.77 എന്ന എക്കണോമി റേറ്റിൽ. രാജസ്ഥാൻ്റെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ വലിയൊരു ഭാഗം ജോഫ്ര കൈകാര്യം ചെയ്തു. കൊൽക്കത്തയ്ക്കെതിരെ സീസണിലെ തൻ്റെ അവസാന ഐപിഎൽ മത്സരം കളിച്ച ജോഫ്ര വിക്കറ്റുകളൊന്നും എടുത്തില്ലെങ്കിലും 27 റൺസെടുത്ത് ടീമിനെ ജയിപ്പിച്ചു. വളരെ ഗ്രാൻഡായ ഒരു പ്രകടനത്തോടെ ജോഫ്ര ഈ ഐപിഎല്ലിൽ നിന്നും സൈൻ ഓഫ് ചെയ്തു.
ഐപിഎല്ലിലെ അസാമാന്യ പ്രകടനത്തിന് കൃത്യം ഒരു കൊല്ലം മുൻപ് ബിഗ് ബാഷ് ലീഗിൽ ഹോബാർട്ട് ഹറികെയിൻസിനു വേണ്ടിയും ജോഫ്ര കളിച്ചിരുന്നു. 28 മാച്ചുകളിൽ നിന്നായി 35 വിക്കറ്റുകളാണ് ബിബിഎല്ലിൽ ജോഫ്രയുടെ നേട്ടം.
വെസ്റ്റ് ഇൻഡീസിനു വേണ്ടി അണ്ടർ-19ൽ അരങ്ങേറാനിരുന്ന ജോഫ്ര പരിക്ക് മൂലം പുറത്തായതോടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അയാളെപ്പറ്റി മറന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ജോഫ്ര ഇംഗ്ലണ്ടിലേക്ക് കുടിയേറി. കൗണ്ടി ക്ലബ് സസക്സിൻ്റെ ട്രയൽസിൽ പങ്കെടുത്ത ജോഫ്രയെ അവർ ടീമിലുൾപ്പെടുത്തി. പിന്നീടുള്ളത് ചരിത്രമാണ്. ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് ടീമിൽ ജോഫ്ര ഉണ്ടാവുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ലോകകപ്പ് ടീമിൽ നിന്നും ജോഫ്രയെ ഒഴിവാക്കി. എന്നാൽ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലും അയർലൻഡിനെതിരായ ഏകദിനത്തിലും ജോഫ്ര ഉൾപ്പെട്ടിട്ടുണ്ട്.
ഒരു ടി-20 ഇതിഹാസം എന്ന നിലയിലേക്കാണ് ജോഫ്രയുടെ യാത്ര. ഒരുപക്ഷേ, ഭാവിയിൽ ലോകം അടയാളപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിലൊരാളായി ജോഫ്രയും കണ്ടേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here