രാജസ്ഥാൻ-ഹൈദരാബാദ്; ടോസ് അറിയാം

ഐപിഎല്ലിലെ 45ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് സൺ റൈസേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ലോകകപ്പിനു മുൻപായി നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലീഷ് താരം ജോണി ബാരിസ്റ്റോയുടെ അസാന്നിധ്യത്തിൽ വൃദ്ധിമാൻ സാഹ സൺ റൈസേഴ്സിലേക്ക് തിരികെയെത്തി. സാഹയ്ക്കൊപ്പം കെയിൻ വില്ല്യംസൺ, സന്ദീപ് ശർമ്മ, ദീപക് ഹൂഡ എന്നിവരും ടീമിലെത്തി. രാജസ്ഥാൻ നിരയിൽ ജോഫ്ര ആർച്ചറുടെ അഭാവത്തിൽ ആഷ്ടൺ ടേണറും ബെൻ സ്റ്റോക്സിനു പകരം ലിയാം ലിവിങ്സ്റ്റണും ടീമിലെത്തി.
10 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള സൺ റൈസേഴ്സ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. ഈ മത്സരം ജയിച്ച് അതുറപ്പിക്കാനാവും അവരുടെ ശ്രമം. എന്നാൽ ജോണി ബാരിസ്റ്റോയുടെ മടങ്ങിപ്പോക്ക് സൺ രൈസേഴ്സിന് വലിയ തിരിച്ചടി ആയേക്കും. വാർണർക്കൊപ്പം ടോപ്പ് ഓർഡറിൽ ബാരിസ്റ്റോ നടത്തിയ പ്രകടനങ്ങളാണ് സൺ റൈസേഴ്സ് ബാറ്റിംഗിനെ സീസണിൽ താങ്ങി നിർത്തിയത്. അതേ സമയം, ബാരിസ്റ്റോ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തിൽ ഉജ്ജ്വലമായി ബാറ്റ് ചെയ്ത മനീഷ് പാണ്ഡെ സൺ റൈസേഴ്സിന് ആശ്വാസമാണ്. സീസണിലാദ്യമായി മൂന്നാം നമ്പറിലിറങ്ങിയ പാണ്ഡേ ഇന്നും അതേ പൊസിഷനിൽ ഇറങ്ങിയേക്കും. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ തിരികെയെത്തുന്നതും സൺ റൈസേഴ്സിന് നേട്ടമാവും.
റയൻ പരഗ്, അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ എന്നിവരുടെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് രാജസ്ഥാൻ ബാറ്റിംഗിൻ്റെ കരുത്ത്. ജോഫ്ര ആർച്ചറുടെ അഭാവത്തിൽ രാജസ്ഥാൻ്റെ ഡെത്ത് ബൗളിംഗിൻ്റെ സ്ഥിതി കണ്ടറിയണം. ആഷ്ടൺ ടേണറുടെ ഗോൾഡൻ ഡക്കുകൾ റണ്ണായി മാറിയാൽ ടീമിനും ടേണറിനും ആശ്വാസമാണ്. സ്റ്റീവൻ സ്മിത്തിൻ്റെ ക്യാപ്റ്റൻസി സ്കില്ലുകൾ വലിയൊരു അളവിൽ രാജസ്ഥാൻ്റെ പ്രകടനങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ മികച്ച രണ്ട് ക്യാപ്റ്റന്മാർ തമ്മിലുള്ള പോരാട്ടം കൂടിയാവും ഇത്.
മുൻപ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ സഞ്ജുവിൻ്റെ സെഞ്ചുറിയായിരുന്നു വാർത്ത. പക്ഷേ, അന്ന് രാജസ്ഥാൻ പരാജയപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here