Advertisement

റസൽ മാനിയ മറികടന്ന് ഹർദ്ദിക് ഷോ; എന്നിട്ടും മുംബൈക്ക് തോൽവി

April 28, 2019
Google News 1 minute Read

മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഉജ്ജ്വല വിജയം. 34 റൺസിനാണ് ഈഡനിൽ കൊൽക്കത്ത ജയിച്ചു കയറിയത്. 34 പന്തുകളിൽ 91 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യ പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ഇതോടെ ആറ് മത്സരങ്ങൾ നീണ്ട തോൽവികൾക്കൊടുവിൽ കൊൽക്കത്ത വിജയ വഴിയിലേക്ക് തിരിച്ചെത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് രണ്ടാം ഒവറിൽ തന്നെ ഡികോക്കിനെ നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ഡികോക്ക് മടങ്ങിയതിനുശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ മുംബൈ വലിയ പരാജയം മുന്നിൽ കണ്ടു. രോഹിത് ശർമ്മ (12), എവിൻ ലൂയിസ് (15),  സൂര്യകുമാർ യാദവ് (26) എന്നിവർ വേഗം തന്നെ പവലിയനിൽ മടങ്ങിയെത്തിയപ്പോൾ 10 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്റ്റത്തിൽ 78 റൺസ് മാത്രമായിരുന്നു മുംബൈ സ്കോർ. തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന ഹർദ്ദിക്-പൊള്ളാർഡ് സഖ്യം 5 ഓവറിൽ 63 റൺസ് കൂട്ടിച്ചേർത്ത് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഹർദ്ദിക്കിനു പിന്തുന നൽകുക എന്ന ജോലി നിർവ്വഹിച്ച പൊള്ളാർഡ് 14ആം ഓവറിൽ പുറത്തായതിനു ശേഷം സഹോദരൻ കൃണാൽ പാണ്ഡ്യയെ കൂട്ടു പിടിച്ച് പവർ ഹിറ്റിംഗിൻ്റെ സമാനതകളില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹർദ്ദിക് പാണ്ഡ്യ മുംബൈക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുമെന്ന് കരുതി. എന്നാൽ 18ആം ഓവറിലെ അവസാന പന്തിൽ ഹർദ്ദിക് പുറത്തായി. 34 പന്തുകളിൽ ആറ് ബൗണ്ടറികളും 9 സിക്സറുകളും സഹിതം 91 റൺസെടുത്ത ഹർദ്ദിക് തൻ്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച സ്കോറാണ് കുറിച്ചത്.

ഹർദ്ദിക് പുറത്തായതോടെ ജയസാധ്യത പൂർണ്ണമായും കൈവിട്ട മുംബൈയുടെ ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 198ൽ അവസാനിച്ചു.

നേരത്തെ ഒരിക്കൽ കൂടി കൂറ്റനടികളുമായി കൊൽക്കത്ത ഇന്നിംഗ്സിനെ നയിച്ച ആന്ദ്രേ റസലായിരുന്നു ആദ്യ ഇന്നിംഗ്സിലെ ഹീറോ. റസലിനോടൊപ്പം അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ ശുഭ്മൻ ഗില്ലും ക്രിസ് ലിന്നും കൊൽക്കത്തയ്ക്ക് വേണ്ടി ശ്രദ്ധേയമായ കളി കാഴ്ച വെച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here