ഐപിഎല്ലിൽ അരങ്ങേറി സന്ദീപ് വാര്യർ: കേരളത്തിൽ നിന്നുള്ള ആറാമത്തെ താരം

ഐപിഎല്ലിൻ്റെ ഗ്ലാമർ വേദിയിൽ അരങ്ങേറി സന്ദീപ് വാര്യർ. മുംബൈ ഇന്ത്യൻസിനെതിരെ ഈഡൻ ഗാർഡനിലാണ് സന്ദീപ് അരങ്ങേറിയത്. ഇതോടെ സന്ദീപ് കേരളത്തിൽ നിന്നും ഐപിഎൽ കളിക്കുന്ന ആറാമത്തെ താരമായി.
കൊൽക്കത്തയ്ക്കു വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്ത സന്ദീപ് ഇതുവരെ മൂന്ന് ഒവറുകളാണ് എറിഞ്ഞത്. വിക്കറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും 3 ഓവറുകളിൽ 23 റൺസ് മാത്രമാണ് സന്ദീപ് വിട്ടു കൊടുത്തത്. തുടർച്ചയായി മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിലാണ് സന്ദീപ് പന്തെറിഞ്ഞത്.
സഞ്ജു സാംസൺ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, ബേസിൽ തമ്പി, എസ് മിധുൻ എന്നീ കേരള താരങ്ങളാണ് ഇതു വരെ ഐപിഎല്ലിൽ പാഡണിഞ്ഞത്. 2013ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച സഞ്ജു കോഴ വിവാദത്തെത്തുടർന്ന് രണ്ട് വർഷം രാജസ്ഥനെ വിലക്കിയപ്പോൾ ഡൽഹി ഡയർ ഡെവിൾസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. രാജസ്ഥാൻ, ബാംഗ്ലൂർ ടീമുകൾക്ക് വേണ്ടിയാണ് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി പാഡണിഞ്ഞത്. വിഷ്ണു വിനോദും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ കളിച്ചിട്ടുണ്ട്. ഗുജറാത്ത് ലയൺസിനു വേണ്ടി കളിച്ച ബേസിൽ കഴിഞ്ഞ സീസണിൽ സൺ റൈസേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. ഈ സീസനിൽ ഇതുവരെ ഒരൊറ്റ മത്സരം പോലും ബേസിൽ കളിച്ചിട്ടില്ല. മിധുൻ ഈ സീസണിൽ രാജസ്ഥാനു വേണ്ടി ഒരു മത്സരം കളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here