Advertisement

വാർണറിന് ഉജ്ജ്വല അർദ്ധസെഞ്ചുറി; കിംഗ്സ് ഇലവന് 213 റൺസ് വിജയലക്ഷ്യം

April 29, 2019
Google News 1 minute Read

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 213 റൺസ് വിജയലക്ഷ്യം. 6 വിക്കറ്റ് നഷ്റ്റത്തിലാണ് സൺ റൈസേഴ്സ് 212ലെത്തിയത്. ഈ സീസണിലെ തൻ്റെ അവസാന മത്സരത്തിൽ അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ ഡേവിഡ് വാർണറാണ് സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വാർണറോടൊപ്പം ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെയാണ് സൺ റൈസേഴ്സ് സ്കോർ 200 കടന്നത്.

വില്ല്യംസണു പകരം വൃദ്ധിമാൻ സാഹയാണ് വാർണർക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ പവർ പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ 77ൽ എത്തിയ സൺ റൈസേഴ്സിന് ഏഴാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 13 പന്തുകളിൽ 28 റൺസെടുത്ത സാഹയെ മുരുഗൻ അശ്വിനാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന വാർണറും മനീഷ് പാണ്ഡെയും റൺ നിരക്ക് താഴാതെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. 82 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം 16ആം ഓവറിൽ ഇരുവരും പുറത്തായി. 25 പന്തുകളിൽ 36 റൺസെടുത്ത പാണ്ഡെയും 56 പന്തുകളിൽ 81 റൺസെടുത്ത വാർണറും ആർ അശ്വിനു മുന്നിലാണ് കീഴടങ്ങിയത്.

16 ഓവറിൽ 163ലെത്തിയ സൺ റൈസേഴ്സ് പിന്നീട് നായകൻ കെയിൻ വില്ല്യംസണിലൂടെയും മുഹമ്മദ് നബിയിലൂടെയും റൺ റേറ്റ് നില നിർത്തി. എന്നാൽ 19ആം ഓവറിൽ മുഹമ്മദ് ഷമി ഇരുവരെയും പുറത്താക്കി. മുഹമ്മദ് നബി 10 പന്തുകളിൽ 20 റൺസും വില്ല്യംസൺ 7 പന്തുകളിൽ 6 റൺസെടുത്തുമാണ് പുറത്തായത്. അവസാന രണ്ട് ഓവറുകളിൽ കിംഗ്സ് ഇലവൻ ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ സൺ റൈസേഴ്സിന് നന്നായി ഫിനിഷ് ചെയ്യാനായില്ല.

രണ്ട് വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും ആർ അശ്വിനുമാണ് പഞ്ചാബിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here