സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ പരിഷ്‌കരിക്കാൻ നീക്കം

സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ പരിഷ്‌കരിക്കാൻ നീക്കം. ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷ ഒഴിവാക്കി നിർബന്ധിത സാമൂഹിക പ്രവർത്തനം ഉൾപ്പെടെയുള്ള സേവന പ്രവർത്തങ്ങൾ ആണ് പരിഗണിക്കുന്നത്.
നിസാര കുറ്റങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്ക് ജയിൽ ശിക്ഷയ്ക്ക് പകരം പൊതുസേവനങ്ങളിൽ ഏർപ്പെട്ടാൽ മതിയാകും. ഇതുൾപ്പെടെ ശിക്ഷാ നടപടികളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സൗദി നിയമ മന്ത്രാലയത്തിൻറെ നീക്കം. നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്ന് ജയിൽ മേധാവി മുഹമ്മദ് അൽ അസ്മാരി അറിയിച്ചു. പുതിയ നിയമം അംഗീകാരത്തിനായി സൗദി മന്ത്രിസഭയുടെ എക്‌സ്‌പെർട്ട് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. നിർബന്ധിത പൊതുസേവനങ്ങൾക്ക് പോകുന്ന കുറ്റവാളികൾ ജയിൽവകുപ്പ് നൽകുന്ന ഇലക്ട്രോണിക് വള ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. കുറ്റവാളികളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.
സൗദി ജയിലുകളിൽ കുറ്റവാളികളുടെ എണ്ണം കൂടുതലാണെന്നാണ് റിപ്പോർട്ട്. പുതിയ മാറ്റം ഇതിനു ഒരു പരിധിവരെ പരിഹാരമാകും. വിദേശികളായ തടവുകാരുടെ എണ്ണം വർധിച്ചത് കാരണം സ്വദേശി തടവുകാർക്കുള്ള സേവന പദ്ധതികൾ പ്രതീക്ഷിച്ചപോലെ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്ന് അൽ അസ്മാരി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയുടെ പൂർണമായ പിന്തുണയോടെയാണ് കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്. പുതിയ നീക്കത്തെ സ്വാഗതം ചെയ്ത നിയമവിദഗ്ധർ ദീർഘകാലമായി കാത്തിരിക്കുന്ന ഭേതഗതിയാണ് യാഥാർത്ഥ്യമാകുന്നതെന്ന് പറഞ്ഞു. കുറ്റവാളികൾക്കും പൊതുജനങ്ങൾക്കും രാജ്യത്തിനും പ്രയോജനപ്പെടുന്ന നിയമമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here