Advertisement

ഇന്ന് പകരക്കാരില്ലാത്ത വിപി സത്യന്റെ ജന്മദിനം; ഓർമ്മയായിട്ട് 13 വർഷം

April 29, 2019
Google News 1 minute Read

ഇന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളുമായ വിപി സത്യൻ്റെ ജന്മദിനം. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ തൻ്റെ അമ്പത്തിനാലാം പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന സത്യൻ മരിച്ചിട്ട് 13 വർഷങ്ങൾ പിന്നിടുകയാണ്. 2006 ജൂലൈ 18നാണ് ഇന്ത്യൻ പ്രതിരോധത്തിൻ്റെ കോട്ടയായി നിലകൊണ്ട സത്യൻ മരണപ്പെട്ടത്.

സത്യന്‍ നയിച്ച പോലീസ് ടീമിൻ്റെ കാലം കേരളാ ഫുട്‌ബോളിന്റെ സുവര്‍ണ താളുകളിൽ എഴുതപ്പെട്ടവയായിരുന്നു. 90, 91 വര്‍ഷങ്ങളില്‍ ഈ ടീം ഫെഡറേഷന്‍ കപ്പു നേടി. സത്യന്‍ നയിച്ച 92ലും ടീമിലെ നെടുന്തൂണായി സത്യനുണ്ടായിരുന്ന 93ലും തുടർച്ചയായ രണ്ടു വർഷം കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കി. പാപ്പച്ചനും വിജയനും ഷറഫലിക്കുമൊപ്പം വി പി സത്യനും കേരളത്തിലെ കാണികള്‍ക്ക് പ്രിയപ്പെട്ടവനായി.

ടാക്ലിങ്ങിലുള്ള ഉറപ്പുപോലെ വായുവിലുള്ള കരുത്തും സത്യന്റെ മികവായിരുന്നു. കളിക്കളത്തില്‍ വലിയ സ്വാധീനമാണ് സത്യനുണ്ടായിരുന്നത്. കണ്ണൂര്‍ ജിംഖാന, ലക്കി സ്റ്റാര്‍ ടീമുകളിലൂടെ തുടങ്ങി കേരള പോലീസ്, മൊഹമ്മദന്‍സ്, മോഹന്‍ ബഗാന്‍, ഇന്ത്യന്‍ ബാങ്ക് എന്നിവയിലൂടെ സത്യന്‍ ദേശീയ ഫുട്ബാളിന്റെ നെറുകിലെത്തി. ദേശീയ ടീമിന്റെ ജഴ്സിയില്‍ 80ഓളം മത്സരങ്ങള്‍. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ നായകനുമായി. പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ മികച്ച ഇന്ത്യൻ ഫുട്ബോളർ ബഹുമതി സത്യൻ കരസ്ഥമാക്കി. സത്യന്‍ ക്യാപ്റ്റനായ കാലത്താണ് ഇന്ത്യന്‍ ടീമിന്റെ റാങ്കിങ് 99ലേക്ക് എത്തിയത്.

ആത്മഹത്യയോ മരണമോ എന്ന് ഇനിയുമുറപ്പില്ലാത്ത ഒരു ചോദ്യമാണ് സത്യൻ്റെ വിടവാങ്ങൽ. 2006 ല്‍ ചെന്നൈ പല്ലാവരം റെയില്‍വെ ട്രാക്കിൽ ചിന്നിച്ചിതറിയ നിലയിൽ സത്യൻ്റെ മൃതദേഹം കണ്ടെത്തുമ്പോൾ അത് ആത്മഹത്യയാണെന്ന സൂചന ഇല്ലായിരുന്നു. ട്രെയിൻ തട്ടി മരിക്കുകയായിരുന്നു എന്ന ആദ്യ നിഗമനങ്ങളെ തള്ളി അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന നാല്‌ കുറിപ്പുകൾ പിന്നീട് സത്യന്റെ പോക്കറ്റിൽ നിന്ന്‌ കണ്ടെടുത്തു.

“ഈ കടുംകൈ ചെയ്യുന്നതിൽ ദുഃഖമുണ്ട്. നിങ്ങളെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, അപ്പോൾ ഈ തീരുമാനം മാറ്റേണ്ടിവന്നേക്കാം. അതുകൊണ്ട്, എന്നോടു ക്ഷമിക്കുക”- തനിക്കെഴുതിയ ആത്മഹത്യാക്കുറിപ്പ് വായിച്ച സത്യൻ്റെ ജീവിത സഖി അനിത അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് വിശ്വസിച്ചില്ല. “മോട്ടോർ ബൈക്കിൽ പറപറക്കുന്ന ശീലക്കാരനായിരുന്ന സത്യൻ മരണത്തെ സ്വയംവരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല, മരിക്കുന്നെങ്കിൽ അത് മൈതാനത്ത് വീണിട്ടായിരിക്കണം എന്നു സത്യേട്ടൻ പറയാറുണ്ടായിരുന്നു.”- അനിത അങ്ങനെ സ്വയം സമാധാനിച്ചു.

ജന്മദിനാശംസകൾ ക്യാപ്റ്റൻ!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here