അമേരിക്കയിൽ 704 പേർക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു

അമേരിക്കയിൽ 704 പേർക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. അമേരിക്കൻ പൊതുജനാരോഗ്യ സ്ഥാപനമായ CDC യാണ് കണക്കു പുറത്തുവിട്ടത്. ഇതിൽ 500ൽ അധികം പേർ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരാണ്. 22 സംസ്ഥാനങ്ങളിലായി 66 ൽ അധികം പേർ പകർച്ചവ്യാധി പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
ന്യുയോർക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി 400 പേർക്കാണ് രോഗം പിടിപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. 2000ത്തിൽ അഞ്ചാം പനി നിർമാർജനം ചെയ്യപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻപുണ്ടായിരുന്നതിനെക്കാള്‍ ഉയർന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ടു വയസ്സിൽ താഴെയുള്ള ഒരു ലക്ഷത്തോളം കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരാണെന്ന് സിഡിസി ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞതായി വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Read Also : വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് യുവാവ് മരിച്ചു
ഇവരിൽ രോഗസാധ്യത കൂടുതലാണെന്നും ചില നവജാത ശിശുക്കളിൽ പോലും മാതാപിതാക്കൾ പ്രതിരോധ കുത്തിവെയ്പ്പ് ഒഴിവാക്കുന്നത് ഏറെ അപകടകരമാണെന്നും റെഡ്ഫീൽഡ് പറഞ്ഞു. രോഗം പടർന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ന്യൂയോർക്കിൽ മേയർ ബിൽ ദേ ബ്ലാസിയോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് നിരസിക്കുന്നവരിൽ നിന്നും 1000 ഡോളർ പിഴയും ഈടാക്കുവാൻ തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here