Advertisement

യാക്കോബായ സഭയിൽ ആഭ്യന്തര ഭിന്നത രൂക്ഷം; തോമസ് പ്രഥമൻ കാതോലിക്ക ബാവ രാജിക്കൊരുങ്ങുന്നു

April 30, 2019
Google News 0 minutes Read

യാക്കോബായ സഭയിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി. തോമസ് പ്രഥമൻ കാതോലിക്ക ബാവ രാജിക്കൊരുങ്ങുകയാണ്.പദവിയിൽ നിന്ന് നീക്കാൻ പാത്രിയാർക്കിസ് ബാവയ്ക്ക് കത്തയച്ചു.  സഭയിൽ ആഭ്യന്തര ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് നീക്കങ്ങൾ. പുതിയ സഭാ ഭാരവാഹികളെ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

സഭാ ഭരണം ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുവെന്ന ആരോപണമാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉന്നയിക്കുന്നത്. ഭിന്നതയെത്തുടർന്ന് ഇന്ന് ചേരാനിരുന്ന സഭാ മാനേജിങ് കമ്മിറ്റി യോഗം റദ്ദാക്കി. നാളുകളായി യാക്കോബായ സഭയിൽ തുടരുന്ന ആഭ്യന്തര ഭിന്നതയാണ് ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുന്നത്. സഭാ വൈദിക, അൽമായ ട്രസ്റ്റിമാർ, സഭാ സെക്രട്ടറി എന്നിവരെ നോക്കുകുത്തിയാക്കി മറുവിഭാഗം യാക്കോബായ സഭയിൽ സമാന്തര ഭരണം നിർവഹിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

സഭാ സമിതികളിൽ ചർച്ച ചെയ്യേണ്ട അജണ്ട നിശ്ചയിക്കുന്നത് ബാഹ്യശക്തികളാണെന്ന ആരോപണവും ഭാരവാഹികൾ ഉന്നയിക്കുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ തോമസ് പ്രഥമൻ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്നാണ് ആരോപണം. ഇതുന്നയിച്ച് സഭാ വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലി, അൽമായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ എന്നിവർ സഭാധ്യക്ഷനും ഭരണ സമിതിയംഗങ്ങൾക്കും കത്ത് നൽകി.

സഭയുടെ മുൻ അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, കാതോലിക്ക ബാവയുടെ സെക്രട്ടറി ഫാ. ഷാനു പൗലോസ് എന്നിവർ നേതൃത്വം നൽകുന്ന സംഘം സമാന്തര ഭരണം നടത്തുന്നുവെന്നാണ് ആരോപണം. കാതോലിക്ക ബാവയെ നിയന്ത്രിക്കുന്നതും ഇവരാണെന്നും മാനേജിങ് കമ്മിറ്റിയംഗങ്ങൾ ആരോപിക്കുന്നു.

സഭാ ഭരണം, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ സുതാര്യതയില്ലെന്ന നിലപാടിൽ പുതിയ ഭരണ സമിതി ഉറച്ച് നിൽക്കുകയാണ്. സഭാ ഭരണത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപണവും ഇവർ ഉന്നയിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സമിതികൾക്ക് സഭയിൽ പ്രവർത്തന സ്വാതന്ത്യമില്ലെന്നും ഇവർ പറയുന്നു. ഭിന്നത കടുത്തതോടെ തോമസ് പ്രഥമൻ ബാവ വിശദീകരണക്കുറിപ്പിറക്കി. തനിക്കെതിരെ സത്യവിരുദ്ധമായ ആരോപണമാണ് സഭാ ഭാരവാഹികൾ ഉന്നയിക്കുന്നതെന്നാണ് തോമസ് പ്രഥമൻ ബാവ വിശദീകരണക്കുറിപ്പിൽ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here