ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; ജാഗ്രതാ നിർദേശം തുടരുന്നു

ഫോനി ചുഴലിക്കാറ്റ് അതിതീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുന്ന ഫോനി ബുധനാഴ്ചയോടെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേന കപ്പലുകളടക്കം സജ്ജമാക്കിയിട്ടുണ്ട്.
ഫോനി ചുഴലിക്കാറ്റ് ശക്തമാകുന്നതോടെ കേരളത്തിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തീവ്രത കൂടിയ ചുഴലിക്കാറ്റായി വന്ന ഫോനി ഇടയ്ക്ക് ശക്തി കുറഞ്ഞെങ്കിലും വീണ്ടും ശക്തി പ്രാപിക്കുന്നതായാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. അടുത്ത 24 മണിക്കൂറിനുള്ളിൽ ഫോനി അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here