ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ലഭിച്ചത് 189.84 കോടി രൂപ

ഏപ്രിൽ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. 189.84 കോടി രൂപയാണ് കഴിഞ്ഞ മാസം ലഭിച്ചത്. റൂട്ടുകളിൽ ബസ്സുകൾ ഒരുമിച്ചു പോകുന്നത് ഒഴിവാക്കിയതും മുൻഗണനാ ക്രമത്തിൽ സർവീസുകൾ നടത്തിയതുമാണ് വരുമാനം വർദ്ധിക്കാനുള്ള കാരണമെന്ന് കെ.എസ്.ആർ.ടി.സി വിലയിരുത്തി.ശബരിമല സീസൺ കൂടി ഉൾപ്പെടുന്ന ജനുവരി മാസത്തേക്കാൾ ഉയർന്ന വരുമാനമാണ് ഏപ്രിലിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്.ജനുവരിയിൽ 189.71 കോടി രൂപയും, ഫെബ്രുവരിയിൽ 168.58 കോടി രൂപയും മാർച്ചിൽ 183.68 കോടി രൂപയുമായിരുന്ന സ്ഥാനത്ത് ഏപ്രിൽ മാസം ലഭിച്ചത് 189.84 കോടി രൂപയാണ്.
Read Also; ഇല്ലത്ത് ഇത്തിരി ദാരിദ്ര്യമാണേലും സുരക്ഷിത യാത്ര ഉറപ്പ്; കെഎസ്ആർടിസിയുടെ പോസ്റ്റ് വൈറൽ
മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെയും യൂണിറ്റ് ഓഫീസർമാരുടെയും പ്രത്യേകം പ്രത്യേകമായുള്ള അവലോകന യോഗങ്ങളും തുടർന്നുള്ള പ്രവർത്തനങ്ങളുമാണ് വരുമാന വർദ്ധനവിന് കാരണമായതെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എം. പി ദിനേശ് പറഞ്ഞു.വരും ദിവസങ്ങളിൽ ഇൻസ്‌പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഷെഡ്യൂളുകളും ബസ്സുകളും അറേഞ്ച് ചെയ്തു നൽകിയും ജനോപകാരപ്രദമായി സർവീസുകൾ നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കർണാടകയിലേക്ക് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താനുള്ള നടപടി ക്രമങ്ങളും പൂർത്തിയായി വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here