ധോണിയുടെ മിന്നൽ സ്റ്റമ്പിങ് വീണ്ടും; ഒരോവറിൽ വീണത് രണ്ട് വിക്കറ്റ്: വീഡിയോ

എംഎസ് ധോണിയുടെ മിന്നൽ സ്റ്റമ്പിങ് കാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നതാണ്. ഇക്കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണി. ധോണി സ്റ്റമ്പിങ് അപ്പീൽ ചെയ്താൽ പിന്നെ ക്രീസിൽ നിന്ന് ബാറ്റ്സ്മാൻ സമയം കളയേണ്ടതില്ല. അത്ര വേഗത്തിലാണ് ധോണിയുടെ റിയാക്ഷൻ. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലും ധോനിയുടെ മിന്നൽ സ്റ്റമ്പിങ് കണ്ടു.
രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. നാലാം പന്തിൽ ക്രിസ് മോറിസിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയ ധോണി ഓവറിലെ അവസാന പന്തിൽ മികച്ച നിലയിൽ ബാറ്റ് ചെയ്യുകയായിരുന്നു ഡൽഹി ക്യാപ്റ്റൻ ശ്രേയാസ് അയ്യരെയും മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. ക്രീസിൽ നിന്നും സെക്കൻഡുകൾ മാത്രം കാലുയർത്തിയ ഇരുവർക്കും ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപാണ് ധോണി പുറത്താക്കിയത്.
മത്സരത്തിൽ 80 റൺസിൻ്റെ കൂറ്റൻ ജയമാണ് ചെന്നൈ കുറിച്ചത്. എട്ടു വിക്കറ്റുകൾ പങ്കിട്ട ജഡേജ-താഹിർ-ഹർഭജൻ സ്പിൻ ത്രയമാണ് ഡൽഹിയെ തകർത്തത്. ഇമ്രാൻ താഹിർ നാലും ജഡേജ മൂന്നും വിക്കറ്റിട്ടപ്പോൾ ഹർഭജൻ ഒരു വിക്കറ്റെടുത്തു. ജയത്തോടെ ചെന്നൈ വീണ്ടും പോയിൻ ടേബിളിൽ ഒന്നാമതെത്തി.
ചെന്നൈ ഇന്നിംഗ്സിൽ 59 റൺസെടുത്ത സുരേഷ് റെയ്നയാണ് ടോപ്പ് സ്കോറർ. 44 റൺസെടുത്ത ധോണിയും 25 റൺസെടുത്ത ജഡേജയും ചേർന്നാണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here