Advertisement

സഞ്ജുവോ പന്തോ; ഒരു താരതമ്യ പഠനം

May 1, 2019
Google News 1 minute Read

ഋഷഭ് പന്തോ സഞ്ജു സാംസണോ എന്ന ചോദ്യത്തിന് ഏറെ പഴക്കമൊന്നുമില്ലെങ്കിലും ക്രിക്കറ്റ് ആരാധകർക്കിടയിൽ ഈ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. ദേശീയ ടീമിൽ കിട്ടിയ ഏതാനും അവസരങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്ത പന്ത് ആ ചോദ്യത്തിന് ഏറെക്കുറെ ഒരു ഉത്തരം നൽകിയിട്ടുമുണ്ട്. എന്നാൽ ദേശീയ ടീമിൽ ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചില്ല എന്നത് സഞ്ജുവിൻ്റെ കാര്യത്തിൽ നീതിയാണോ എന്ന് പരിശോധിക്കേണ്ടതാണ്.

ഇടക്കിടെ 15, 17 അംഗ ടീമുകളിൽ ഉൾപ്പെട്ടിരുന്ന സഞ്ജു ആദ്യ അന്താരാാഷ്ട്ര മത്സരം കളിക്കുന്നത് 2015ലാണ്. ആ ഒരൊറ്റ മത്സരം മാത്രമേ കളിച്ചിട്ടുമുള്ളൂ. സിംബാബ്‌വെയ്ക്കെതിരെ നടന്ന കളിയിൽ 19 റൺസെടുത്ത് സഞ്ജു പുറത്തായി. സത്യത്തിൽ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള കഴിവേ സഞ്ജുവിനുള്ളോ? അല്ല എന്നാണുത്തരം.

ഋഷഭ് പന്തിനെക്കാൾ ടെക്നിക്കലി മികച്ച ബാറ്റ്സ്മാനാണ് സഞ്ജു. ഒരു പക്കാ ടി-20 കളിക്കാരൻ എന്ന ലേബൽ ഋഷഭ് പന്തിന് നന്നായി ഇണങ്ങും. ആദ്യ പന്ത് മുതൽ പ്രഹരം ആരംഭിക്കാനും കരുത്ത് കൊണ്ട് പന്ത് അതിർത്തി കടത്താനും ഋഷഭ് പന്തിനു സാധിക്കും. അതേ സമയം, സഞ്ജുവിൻ്റെ ഇന്നിംഗ്സ് ഒരു പ്ലാറ്റ്ഫോമിനു പുറത്ത് നിന്നാണ്. ടി-20 ആണെങ്കിൽ ചുരുങ്ങിയത് 10 പന്തുകൾ വേണം സഞ്ജുവിന് സെറ്റാവാൻ. (ഇന്നലത്തെ കളിയിൽ ഗുരു രാഹുൽ ദ്രാവിഡിനെ സാക്ഷിയാക്കി കളിച്ച ബ്ലൈൻഡർ മറക്കുന്നില്ല). ഏകദേശം 30 റൺസുകൾക്ക് ശേഷമുള്ള സഞ്ജുവിൻ്റെ ആറ്റിറ്റ്യൂഡ് ശ്രദ്ധിച്ചാൽ മനസ്സിലാവും. പിന്നെ ബാറ്റിംഗ് വളരെ ഈസിയാണ്. വളരെ കൂളായി ഗ്യാപ്പ് കണ്ടെത്തുന്നു. ഷോട്ടുകൾ കണ്ടെത്തുന്നു. കാരണം, സെറ്റായിക്കഴിഞ്ഞാൽ ബൗളർമാരെ ഭരിക്കാൻ കഴിവുള്ള ഒരു ക്ലാസ് പ്ലയറാണ് സഞ്ജു.

സഞ്ജുവിൻ്റെ ഇൻസൈഡ് ഔട്ട് ലോഫ്റ്റ് ഷോട്ടുകളാണ് ഐപിഎല്ലിൽ ആദ്യം ശ്രദ്ധിക്കുന്നത്. 2013ൽ റോയൽ ചലഞ്ചേഴ്സിൻ്റെ മുരളി കാർത്തികിനെ തുടർച്ചയായി കളിച്ച രണ്ട് ഇൻസൈഡ് ഔട്ട് ഷോട്ടുകൾ. രണ്ടും എക്സ്ട്രാ കവറിലൂടെ സിക്സ്. സീസണുകൾ മാറി, സഞ്ജുവും മാറി. ടീമും മാറി. അന്നത്തെ സഞ്ജുവിനെക്കാൾ ഒരുപാട് വ്യത്യാസപ്പെട്ടു ഇന്നത്തെ സഞ്ജു. സഞ്ജു കളിക്കുന്ന ഒരു 30 റൺസിൻ്റെ ഇന്നിംഗ്സിൽ ഒരു ഷോട്ടെങ്കിലും നയനാനന്ദകരമായിരിക്കുമെന്ന ഉറപ്പുണ്ട്. കാണാൻ മെച്ചമുണ്ടായിട്ട് കാര്യമുണ്ടോ, കളിക്കണ്ടേ? എന്ന ചോദ്യം ന്യായമാണ്. പക്ഷേ, ബിസിസിഐക്ക് അല്പം കൂടി അവസരങ്ങൾ സഞ്ജുവിന് കൊടുക്കാമായിരുന്നു. ഏകദിനത്തിൽ, നാലാം നമ്പരിലിറക്കി ഒന്ന് നോക്കാമായിരുന്നു.

ഋഷഭ് പന്തിൻ്റെ ഏകദിന ശരാശരി 23.25 മാത്രമാണെന്നോർക്കണം. 5 ഏകദിനങ്ങളിൽ നിന്നാണ് ഈ കണക്ക്. അത്ഭുതകരമെന്ന് പറയട്ടെ, ടെസ്റ്റിൽ പന്ത് അവിശ്വസനീയമായ കളി കാഴ്ച വെക്കുന്നുണ്ട്. അത് ഫ്ലൂക്കാണോ അല്ലയോ എന്ന് കാലം തെളിയിക്കട്ടെ. പക്ഷേ, ഒൻപത് മത്സരങ്ങളിൽ ഏകദേശം 50 ശരാശരിയിൽ 696 ടെസ്റ്റ് റണ്ണുകൾ എന്നത് ചില്ലറക്കാര്യമല്ല. സഞ്ജുവിനും ബിസിസിഐ അവസരം നൽകട്ടെ. ഒരു സീരീസിൽ പരീക്ഷിക്കട്ടെ. നേരത്തെ പറഞ്ഞതു പോലെ നാലാം നമ്പരിൽ ഇറക്കി ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ അല്പം സമയം കൊടുത്താൽ സഞ്ജു ആ നീല ജഴ്സി അങ്ങുറപ്പിക്കുമെന്നാണ് തോന്നുന്നത്. കാരണം, സഞ്ജുവിൽ അതിനുള്ള പ്രതിഭയുണ്ട്.

സഞ്ജുവിനെ കൃത്യമായി ഫോളോ ചെയ്യുന്നയാളാണ് ക്രിക്കറ്റ് നിരീക്ഷകനായ ഹർഷ ഭോഗ്ലെ. പുതിയ തലമുറയിൽ ഏറ്റവുമധികം ടെക്നിക്കൽ പെർഫക്ഷനുള്ള കളിക്കാരൻ സഞ്ജുവാണെന്നാണ് ഹർഷയുടെ നിരീക്ഷണം. എന്തു കൊണ്ട് സഞ്ജു അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നില്ല എന്ന് ചോദിച്ചവരിൽ ഹർഷയോടൊപ്പം മാത്യു ഹെയ്ഡനും ഇയാൻ ബിഷപ്പും ഉൾപ്പെടും. അതിനുള്ള കാരണം ആഭ്യന്തര മത്സരങ്ങളുടെ കണക്കെടുത്ത് വെച്ച് സമർത്ഥിക്കാമെങ്കിൽ പോലും സഞ്ജു അവസരം അർഹിക്കുന്നില്ല എന്ന് പറയാനാവില്ല തന്നെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here