ഫോനി ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്ത്; നൂറിലധികം ട്രെയിനുകൾ റദ്ദാക്കി

ഫോനി ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്ത് പ്രവേശിക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ആന്ധ്ര പ്രദേശിലെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയെയും വിവിധ സൈനിക വിഭാഗങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാൽപുരയ്ക്കും ചാന്ത്ബലിയ്ക്കും ഇടയിൽ കരയിലേക്ക് പ്രവേശിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.മണിക്കൂറിൽ 170 മുതൽ 200 കിലോ മീറ്റർ വരെ വേഗത്തിൽ കൊടുംകാറ്റ് വീശുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 11 ജില്ലകളിലെ പെരുമാറ്റ ചട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് നൽകിയിട്ടുണ്ട്. പശ്ചിമബംഗാളിൽ കൊൽക്കത്ത ഉൾപ്പെടെ ഏഴിടങ്ങളിലാണ് കൊടുംകാറ്റ് നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പുള്ളത്. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ,ശ്രീകാകുളം അടക്കമുള്ള ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നൂറിലധികം ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയിട്ടുണ്ട്. ആന്ധ്രയിൽ നിന്നും ഒഡീഷയിൽ നിന്നുമുള്ള 103 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here