Advertisement

ഉജ്ജ്വല ബൗളിംഗ് പ്രകടനവുമായി സൺ റൈസേഴ്സ്: വിജയലക്ഷ്യം 163

May 2, 2019
Google News 0 minutes Read

മുംബൈ ഇന്ത്യൻസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് റൺസ് 163 വിജയ ലക്ഷ്യം. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് മുംബൈ നേടിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യൻസിനെ പിടിച്ചു നിർത്തിയ ബൗളർമാരുടെ മികച്ച പ്രകടനമാണ് കുറഞ്ഞ സ്കോറിൽ മുംബൈയെ ഒതുക്കാൻ സൺ റൈസേഴ്സിനു തുണയായത്. 69 റൺസെടുത്ത ക്വിൻ്റൺ ഡികോക്കാണ് മുംബൈയുടെ ടോപ്പ് സ്കോറർ. മൂന്നു വിക്കറ്റെടുത്ത ഖലീൽ അഹ്മദാണ് സൺ റൈസേഴ്സിനു വേണ്ടി തിളങ്ങിയത്.

ഉജ്ജ്വലമായാണ് മുംബൈ തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി മുംബൈക്ക് മികച്ച തുടക്കം നൽകി. എന്നാൽ പവർ പ്ലേയിലെ അവസാന ഓവറുകളിൽ കളി തിരിച്ചു പിടിച്ച സൺ റൈസേഴ്സ് അഞ്ചാം ഒവറിൽ രോഹിതിനെ വീഴ്ത്തി. 18 പന്തുകളിൽ 24 റൺസെടുത്ത രോഹിതിനെ ഖലീൽ അഹ്മദാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവും നല്ല രീതിയിലാണ് തുടങ്ങിയത്. ഡികോക്കുമായി 54 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യകുമാറിനു ഏറെ ആയുസ്സുണ്ടായിരുന്നില്ല. 12ആം ഓവറിൽ ഖലീൽ അഹ്മദിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 17 പന്തുകളിൽ 23 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം.

മുംബൈ ഇന്ത്യൻസിൻ്റെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരൻ ഹർദ്ദിക് പാണ്ഡ്യയും ചില കൂറ്റൻ ഷോട്ടുകളിലൂടെയാണ് ഇന്നിംഗ്സ് തുടങ്ങിയത്. എന്നാൽ ഒരു ഷോർട്ട് ബോളിലൂടെ തന്ത്രപരമായി ഹർദ്ദിക്കിനെ വീഴ്ത്തിയ ഭുവനേശ്വർ സൺ റൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 10 പന്തുകളിൽ 18 റൺസെടുത്ത ശേഷമാണ് ഹർദ്ദിക് പുറത്തായത്.

തുടർച്ചയായി വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് പിടിച്ചു നിന്ന ഡികോക്ക് മുംബൈ ഇന്നിംഗ്സിനെ താങ്ങി നിർത്തിയെങ്കിലും വേണ്ടത്ര വേഗത്തിൽ സ്കോർ ചെയ്യാത്തത് മുംബൈക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 10 റൺസെടുത്ത പൊള്ളാർഡ് ഖലീൽ അഹ്മദിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന രണ്ട് ഓവറുകളിൽ വെറും 15 റൺസ് മാത്രമാണ് മുംബൈക്ക് കണ്ടെത്താനായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here