മുസ്ലിം ലീഗ് പ്രവർത്തകരുടെ കള്ള വോട്ട് സ്ഥിരീകരിച്ചു; കേസെടുക്കാൻ ശുപാർശ ചെയ്യുമെന്ന് ടിക്കാറാം മീണ

കാസർകോട് മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മുഹമ്മദ് ഫായിസ്, കെഎം മുഹമ്മദ്, അബ്ദുൽ സമദ് എന്നിവർ കള്ള വോട്ട് ചെയ്തുവെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചത്. കള്ള വോട്ട് ചെയ്തതായി കെഎം മുഹമ്മദ് കലക്ടർക്ക് മൊഴി നൽകിയതായും ടിക്കാറാം മീണ വ്യക്തമാക്കി.
പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69, 70 ബൂത്തുകളിലാണ് കള്ള വോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുൽ സമദ് ഓരേ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തു. കെഎം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി. നാല് പേർ കള്ള വോട്ട് ചെയ്തതായാണ് പരാതി. ഈ നാല് പേർ പല വട്ടം ബൂത്തിലെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നാലാമനായ ആഷിക്കിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇയാൾ കള്ള വോട്ട് ചെയ്തതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾക്കെതിരായ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ടിക്കാറാം മീണ നിർദേശിച്ചിട്ടുണ്ട്.
കള്ള വോട്ടിന് പ്രേരിപ്പിച്ചത് കോൺഗ്രസ് ബൂത്ത് ഏജന്റാണ്. ബൂത്ത് ഏജന്റിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്യുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here