ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് പ്രതിക്ക് സമൻസ് ഉത്തരവായി. ഈ മാസം പത്താം തീയതി പ്രതി കോടതിയിൽ ഹാജരാകണമെന്നാണ് പാല ജൂഡിഷ്യൽ മജിട്രേസ്റ്റ് കോടതിയുടെ നിർദേശം. പ്രാഥമിക പരിശോധനയിൽ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണന്ന് കോടതി കണ്ടെത്തി. പ്രതിക്ക് കുറ്റപത്രത്തിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ കോപ്പിയും നൽകിയ ശേഷം വിചാരണയ്ക്കായി കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും.
ബലാത്സംഗം ഉൾപ്പടെ അഞ്ച് വകുപ്പുകളാണ് ബിഷപ്പിനെതിരായി ചുമത്തിയിട്ടുള്ളത്. (ഐ പിസി 342, 376(2)(കെ), 376 (2) എൻ, 376(സി) (എ), 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒമ്പത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉൾപ്പെടെ കേസിൽ 83 സാക്ഷികളാണുള്ളത്. മൂന്ന് ബിഷപ്പുമാരുടെയും 11 വൈദികരുടെയും 25 കന്യാസ്ത്രീകളുടെയും മൊഴികളും കുറ്റപത്രത്തിലുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ കന്യാസ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here