യൂണിവേഴ്‌സിറ്റി കോളെജിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം; മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യശ്രമത്തിൽ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പെൺകുട്ടിയെ കാണും. വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.
പെൺകുട്ടിയോ ബന്ധുക്കളോ കോളെജ് അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തേക്കും. കുട്ടിയുടെ ആരോഗ്യനില ഭേദപ്പെട്ടതിനെ തുടർന്ന് കുട്ടിയേ വീട്ടിലക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, എസ്എഫ്ഐ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പെൺകുട്ടിയുടെ ആത്മഹത്യകുറിപ്പ് നിഷേധിച്ചു. എസ്എഫ്ഐയിൽ പ്രവർത്തിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
ഇന്നലെ രാവിലെ കോളെജ് ജീവനക്കാരാണ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. യൂണിയൻ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നുവെന്ന പരാതി സമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടി മുമ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here