Advertisement

വധഭീഷണി; ഫസൽ ഗഫൂർ പൊലീസിൽ മൊഴി നൽകി

May 4, 2019
Google News 1 minute Read

മുഖം മറച്ചുള്ള വസ്ത്രധാരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിൽ വധഭീഷണി നേരിട്ട എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. ഫസൽ ഗഫൂറിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. ഗൾഫിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ പ്രൊഫൈൽ നിർമ്മിച്ചെന്ന് കാട്ടിയും ഫസൽ ഗഫൂർ പരാതി നൽകിയിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസൽ ഗഫൂർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

എംഇഎസ് കോളെജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എംഇഎസ് കോളെജ് സർക്കുലർ പുറത്തിറക്കിയത്. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥിനികൾ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്നും 2019-20 വർഷം മുതൽ നിയമം കൃത്യമായി പ്രാബല്യത്തിൽ വരുത്തണമെന്നും സർക്കുലറിൽ കൂട്ടിച്ചേർത്തിരുന്നു.

സർക്കുലറിനെതിരെ സമസ്ത ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഇഎസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുഖം മറക്കുന്ന വസ്ത്രധാരണത്തെ കുറിച്ച് ഫസൽ ഗഫൂർ എടുത്ത തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും കോൺഗ്രസ് നേതാവുമായ ഡോ ഖാദർ മാങ്ങാട് പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഫസൽ ഗഫൂർ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here